കണ്ടെയ്നറിൽ ഉടക്കി വല നശിച്ചു
1582755
Sunday, August 10, 2025 7:14 AM IST
അമ്പലപ്പുഴ: കണ്ടെയ്നറിൽ ഉടക്കി വീണ്ടും മത്സ്യബന്ധന വല നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. മുപ്പതോളം തൊഴിലാളികളുടെ ഉപജീവന മാർഗം ഇല്ലാതായി. അമ്പലപ്പുഴ കോമന പുതുവൽ സുബിൻ ഷാജിയുടെ അനുഗ്രഹ എന്ന ഓടുവള്ളത്തിന്റെ വലയും വെയിറ്റുമാണ് കണ്ടെയ്നറിൽ ഉടക്കി നശിച്ചത്.
മത്സ്യബന്ധനത്തിനിടെ തോട്ടപ്പള്ളി തീരക്കടലിൽ കണ്ടെയ്നറിന്റെ ഡോറിലുടക്കിയാണ് വല നശിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. തങ്ങളുടെ ശ്രമഫലമായാണ് വള്ളം മറിയാതിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. വലയും വെയിറ്റും തകർന്നയിനത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇനി ഒരാഴ്ചയോളം ജോലി ചെയ്താൽ മാത്രമേ വല പൂർവസ്ഥിതിയിലാക്കാൻ കഴിയൂ. ഇതോടെ തൊഴിലാളികളുടെ ഉപജീവനമാർഗവും നിലച്ചു.
ഏതാനും ദിവസം മുൻപ് ഇതേ സ്ഥലത്തു തന്നെ മറ്റൊരു വള്ളത്തിന്റെ മത്സ്യബന്ധന വല തകർന്നിരുന്നു.
കപ്പലപകടത്തിനു ശേഷം കടലിൽ കിടക്കുന്ന കണ്ടെയ്നറിൽ ഉടക്കി മത്സ്യ ബന്ധനവല നശിക്കുന്നത് പതിവായിരിക്കുകയാണ്.