ഉയരപ്പാത നിർമാണം തകൃതി; അറുതിയില്ലാതെ ബുദ്ധിമുട്ടുകൾ
1583156
Monday, August 11, 2025 11:38 PM IST
ആലപ്പുഴ: മഴ മാറി കാലാവസ്ഥ അനുകൂലമായതോടെ ഉയരപ്പാത നിര്‍മാണം സജീവമായെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷം. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന മേഖലയില്‍ ചരക്കുലോറിയടക്കം വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പാലിക്കാത്തത് പാതയില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഒരാഴ്ചയായി അരൂര്‍ ക്ഷേത്രം കവല മുതല്‍ ബൈപാസ് കവല വരെയുള്ള ഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അരമണിക്കൂര്‍ ഇടവിട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. അവധി ദിവസമായ ഇന്നലെയും യാത്രക്കാര്‍ക്ക് അരൂരിൽനിന്ന് തുറവൂരിൽ എത്താന്‍ എടുത്തത് മണിക്കൂറുകളോളം.
അരൂര്‍ -തുറവൂര്‍ ഉയരപ്പാത നിർമാണം നടക്കുന്ന 12.75 കിലോമീറ്ററില്‍ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ വീതി കൂട്ടിയ ഭാഗങ്ങളില്‍ പെയ്ത്തുവെള്ളം കെട്ടിനില്‍ക്കുന്നതും കുഴികളും ഗതാഗതക്കുരുക്കിനു കാരണമാകുന്നു.
ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി വലിയ വാഹനങ്ങള്‍ അരൂര്‍ ക്ഷേത്രം കവലയില്‍നിന്ന് അരൂക്കുറ്റി റോഡ് വഴിതിരിഞ്ഞ് തുറവൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലൂടെയും വൈറ്റിലയില്‍നിന്നു കോട്ടയം വഴിയും ആലപ്പുഴയില്‍നിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ തുറവൂരില്‍നിന്നു ടിഡി റോഡ് വഴി തോപ്പുംപടിയിലേക്കു പോകണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍, ഗതാഗത നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ വേണ്ട ഗൗരവം എടുക്കാത്തത് ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്നാണ് ആക്ഷേപം.
ദേശീയപാതയിലേക്കു കയറുന്ന പത്മാക്ഷിക്കവലയ്ക്കു കിഴക്കു ഭാഗത്തുള്ള റോഡിലെ കുഴിയില്‍ വീണ് വാഹനങ്ങള്‍ അപകടത്തിലാകുന്നത് പതിവാകുന്നു. ദേശീയപാത തുറവൂര്‍ -പറവൂര്‍ റീച്ചുമായി ബന്ധപ്പെട്ടുള്ള അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗമാണിത്. കയറ്റത്തില്ത്തന്നെ കുഴി രൂപപ്പെട്ടതിനാല്‍ ലോഡുമായി ദേശീയപാതയിലേക്കു കയറുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് കയറ്റം കയറാതെ എന്ജിന് നിലച്ചുപോകുമ്പോള്‍ പിന്നിലേക്കു നിരങ്ങി നീങ്ങുകയും പിന്നാലുള്ള വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടവും സംഭവിക്കുന്നു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ റോഡ് ഉയര്‍ന്നതോടെ ഇവിടെ കുത്തനെയുള്ള കയറ്റമാണ്. ഇരുചക്രവാഹനങ്ങളും ഒട്ടോ, ടാക്സി വാഹനങ്ങളും കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നുണ്ട്.
2570 കോൺക്രീറ്റ് ഗര്‍ഡറുകൾ
അരൂര്‍ -തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന 2.75 കിലോമീറ്റര്‍ പാതയില്‍ തൂണിനു മുകളില്‍ സ്ഥാപിക്കുന്നത് 2570 കോൺക്രീറ്റ് ഗര്‍ഡറുകള്‍. ഇതുവരെ 1988 കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ചു. ഇനി സ്ഥാപിക്കാനുള്ളത് 582 എണ്ണം മാത്രം. ചേര്‍ത്തല, മായിത്തറ, തുറവൂര്‍ എന്നിവിടങ്ങളിലാണ് ഗര്‍ഡറുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉണ്ടാക്കുന്നത്. ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ യാര്ഡാണു ചേര്‍ത്തല മായിത്തറയിലുള്ളത്. 25 ഏക്കറിലധികമുള്ള യാര്‍ഡിലാണ് നിര്‍മാണം.
തൂണുകളില്‍ സ്ഥാപിക്കാന്‍ തയാറായ 35 മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ നൂറിലധികം എണ്ണം തയാറായി യാര്‍ഡിലുണ്ട്. ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നതിനായി റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന 10 ലോഞ്ചിങ് ഗാന്‍ട്രിയുടെ സഹായത്തോടെയാണ് പുള്ളര്‍ ലോറികളില്‍ കയറ്റുന്നത്. തുടര്‍ന്നാണ് ഉയരപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്തേക്ക് എത്തിക്കുന്നത്. ഇതിനായി അന്‍പതോളം പുള്ളര്‍ ലോറികളാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്ന അശോക് ബില്‍ക്കോണ്‍ കമ്പനി അധികൃതര്‍ എത്തിച്ചിരിക്കുന്നത്.
പരമാവധി 30 കിലോമീറ്ററോളം വേഗത്തില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുമായി എത്തുന്ന പുള്ളര്‍ ലോറിക്ക് അകമ്പടിയായി പൈലറ്റ് വാഹനം മുന്നിലും പിന്നിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിറകുവിരിച്ചരിക്കുന്ന പിയറുകള്ക്കു മുകളില്‍ താത്കാലിക സ്റ്റീല്‍ ഗര്‍ഡര്‍ സ്ഥാപിച്ച് ഇതിനു മുകളിലാണ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ച് പാത കോണ്‍ക്രീറ്റ് ചെയ്യുന്നത്. രണ്ടു തൂണുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത് ഏഴു കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വീതം ബന്ധിപ്പിച്ച് ഗര്‍ഡറുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്താണ്. അരൂര്‍ മുതല്‍ തുറവൂര്‍ വരെ അഞ്ചു റീച്ചുകളിലായി ദിവസം 10 ഗര്‍ഡറുകള്‍ പിയറിനു മുകളില്‍ സ്ഥാപിക്കുന്നുണ്ട്.