പള്ളിപ്പുറംപള്ളി തിരുനാളിന് നാളെ കൊടിയേറും
1582756
Sunday, August 10, 2025 7:14 AM IST
ചേര്‍ത്തല: ചരിത്രപ്രസിദ്ധ മരിയൻ-ചാവറ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ കൊംബ്രേരിയ ജൂബിലി തിരുനാളിന്റെ ഭാഗമായി ഇന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അനുസ്മരണം നടക്കും. ഇന്നു രാവിലെ 5.45 നും ഏഴിനും 9.30 നും വിശുദ്ധ കുർബാന.
വൈകുന്നേരം അഞ്ചിന് ജപമാല, ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, വാഴ്വ്- ഫാ. ജയിംസ് കുന്തറ സിഎംഐ, ഫാ. ജയിംസ് പുതുശേരി സിഎംഐ, ഫാ.ആന്റോ മംഗലശേരി സിഎംഐ.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദമുദ്ര പതിഞ്ഞതും വിശുദ്ധന്റെ പുണ്യസ്മരണകളാൽ ദീപ്തവുമാണ് പള്ളിപ്പുറം പള്ളിയും പരിസരവും. വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചന് വൈദിക വിദ്യാർഥിയായിരുന്നതും വികാരിയായിരുന്നതും പള്ളിപ്പുറം പള്ളിയിൽ മാത്രമാണ്. അദ്ദേഹത്തിന്റെ പൗരോഹിത്യ രൂപീകരണത്തിലേക്കും വിശുദ്ധ പദവിയിലേക്കുള്ള ഉയർത്തപ്പെടലിനും പള്ളിപ്പുറത്തിന്റെ സംഭാവന വളരെ വലുതാണ്. ആത്മീയ ഗുരുവായ പാലയ്ക്കൽ തോമ്മാ മൽപ്പാനും വിശുദ്ധനും ചേർന്ന് ആഗോള സഭയ്ക്ക് അഭിമാനമായിട്ടുള്ള സിഎംഐ സഭയുടെ സ്ഥാപനത്തിലേക്കുള്ള വഴിതെളിച്ചതും സിഎംഐ സഭയുടെ മാന്നാനം ആശ്രമം സ്ഥാപിക്കുന്നതിനുവേണ്ടി നിയമിതനായതും പള്ളിപ്പുറത്ത് വികാരിയായിരുന്ന കാലയളവിലാണ്.
റോക്കോസ് ശീശ്മയെന്ന തെറ്റായ പഠിപ്പിക്കലിനെ സത്യവിശ്വാസ പ്രബോധനങ്ങളാൽ എതിരിടാൻ മധ്യതിരുവിതാംകൂറിൽ മഹായോഗം വിളിച്ചുകൂട്ടിയ പ്രദേശം പള്ളിപ്പുറം ആയിരുന്നു. വിശുദ്ധൻ വികാരിയായിരുന്ന കാലയളവിൽ ഉണ്ടായിരുന്ന പള്ളിമേടയും പരിസരവും ഇന്നും അങ്ങനെതന്നെ കാത്തുസൂക്ഷിച്ചുപോരുന്നു. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന അൾത്താര, അദ്ദേഹം ദിവ്യബലി അർപ്പിച്ചിരുന്ന അൾത്താര എന്നിവ അതിവിശുദ്ധമായി ഇപ്പോഴും കാത്തുസൂക്ഷിച്ചുപോരുന്നു.
വിശുദ്ധൻ പള്ളിപ്പുറത്ത് ഉണ്ടായിരുന്ന കാലയളവിൽ ഉപയോഗിച്ചിരുന്ന ഒറ്റക്കല്ലിൽ തീർത്ത മാമോദീസാത്തൊട്ടി, കിണർ എന്നിവ ഇവിടെ ഇന്നും കാണാം. എല്ലാ വർഷവും ജനുവരിയിലെ ആദ്യ ഞായറാഴ്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ തിരുനാളും, ജനുവരി 16ന് വിശുദ്ധന്റെ ആത്മീയ ഗുരുവായിരുന്ന പാലയ്ക്കൽ തോമ്മാ മൽപാന്റെ അനുസ്മരണവും ആഘോഷമായ വിശുദ്ധ കുർബാനയും നടത്തുന്നു.