ഓൺലൈൻ വ്യാപാരത്തെ നിയന്ത്രിച്ച് ചെറുകിടക്കാരെ സംരക്ഷിക്കണം: രാജു അപ്സര
1583157
Monday, August 11, 2025 11:38 PM IST
മാങ്കാംകുഴി: ഓൺലൈൻ വ്യാപാരം വർധിച്ചതോടെ ചെറുകിട വ്യാപാര മേഖല വലിയ പ്രതിസന്ധിയിലാണെന്നും ഓൺലൈൻ വ്യാപാരത്തെ നിയന്ത്രിച്ച് ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാവണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
വ്യാപാരി വ്യവസായി ഏകോപന സമിതി മാങ്കാംകുഴി യൂണിറ്റ് സംഘടിപ്പിച്ച മെറിറ്റ് അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് പകരം കോർപറേറ്റുകളെ മാത്രം സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിനെന്നും ഈ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാപാരികളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം എം.എസ്. അരുൺകുമാർ എംഎൽഎ നിർവഹിച്ചു. മുതിർന്ന വ്യാപാരികളെ തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.എൻ. ദേവരാജകുമാർ അധ്യക്ഷത വഹിച്ചു. കെവിവിഇഎസ് നിയോജക മണ്ഡലം സെക്രട്ടറി ആർ. സുരേഷ്കുമാർ, ഡോ.എ.വി. ആനന്ദരാജ്, നൗഷാദ് മാങ്കാംകുഴി, ശിവജി അറ്റ്ലസ്, കെ.ആർ. പ്രഭാകരകുറുപ്പ്, ബി. രാജശേഖരൻ പിള്ള, രാമൻ തമ്പി, ടി. ഷാനുൽ, വിനോദ് ഐപ്, രാജഗോപാൽ, പി. അനീഷ്, മധുസൂദനൻ പിള്ള എന്നിവർ പ്രസംഗിച്ചു.