ദർശന സമൂഹവും കൊംബ്രേരിയ തിരുനാളും
1582898
Sunday, August 10, 2025 11:34 PM IST
വിശ്വാസീസമൂഹത്തിന്റെ ആത്മീയ ആഘോഷവും പള്ളിപ്പുറം ദേശത്തിന്റെ ഉത്സവമാണ് പള്ളിപ്പുറത്തമ്മയുടെ തിരുനാൾ. വിശ്വാസസമൂഹത്തിന്റെ വളർച്ചയിൽ അതിർത്തികൾ പുനർനിർണയിക്കപ്പെട്ടുവെങ്കിലും തങ്ങളുടെ മാതൃദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് എത്തുന്ന പതിവ് ഇന്നും വിശ്വാസികൾ തുടരുന്നു. കേരള സഭയിൽ ഇന്നു കാണുന്ന പല ആചാരാ നുഷ്ഠാനങ്ങൾക്കും സംവിധാനങ്ങൾക്കും തുടക്കം കുറിച്ചത് പള്ളിപ്പുറത്തമ്മയുടെ മണ്ണിലാണ്.
വരാപ്പുഴ മെത്രാന്റെ സെക്രട്ടറിയും ആലോചനക്കാരനും ആയിരുന്ന പള്ളിപ്പുറം പാലയ്ക്കൽ തോമാ മൽപ്പാന്റെ കൽപ്പനയാലാണ് ദേവാലയങ്ങളിൽ ദർശനസമൂഹം സ്ഥാപിക്കപ്പെട്ടത്. അന്നു മുതൽ തിരുനാളിന് നേതൃത്വം നൽകുന്നത് മാതാവിന്റെ നാമധേയത്തിലുള്ള ദർശനസമൂഹമാണ്. അതിനാൽ ഇവിടുത്തെ തിരുനാൾ കൊംബ്രേരിയ തിരുനാൾ എന്നാണ് അറിയപ്പെടുന്നത്. കൊംബ്രേരിയയുടെ തനിമയും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തിക്കൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന അംഗമാണ് പ്രസുദേന്തിയായി തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്.
കൊംബ്രേരിയയുടെ പുരാതന ആചാരാനുഷ്ഠനങ്ങളായ സാന്താമേശ, സാൽവേ ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, കപ്ലോൻ വികാരി വാഴ്ച മുതലായ അനുഷ്ഠാനങ്ങൾ ഒട്ടും കലർപ്പില്ലാതെ തനിമയോടെ നിലനിർത്തിയാണ് തിരുനാൾ ആഘോഷങ്ങൾ നടത്തിവരുന്നത്.
തിരുനാൾ ദിവസങ്ങളിലെ തിരുക്കർമങ്ങളിൽ ദർശന സമൂഹാംഗങ്ങൾ സ്ഥാനവസ്ത്രങ്ങളണിഞ്ഞ് പങ്കെടുക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചതിന്റെ പ്ലാറ്റിനം ജൂബിലിയും പ്രത്യാശയുടെ തീർഥാടകരാകാൻ ആഹ്വാനം ചെയ്യുന്ന മഹാജൂബിലിയും ആഘോഷിക്കുന്ന ഈ വർഷം ഇടവക ജനങ്ങൾ ഒന്നായി ഏറ്റെടുത്ത് നടത്തുന്ന ജൂബിലിത്തിരുനാൾ ആണെന്നുള്ളതാണ് ഈ വർഷത്തെ പ്രത്യേകത.
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി തിരുനാൾ പ്രദക്ഷിണത്തിനിടയിൽ കുരിശ്, കുട എന്നിവയെടുക്കുന്നത് വർഷങ്ങളായുള്ള പാരമ്പര്യമാണ്. അതുപോലെതന്നെ പള്ളിപ്പുറത്തമ്മയുടെ പ്രധാന നേർച്ചയായി കിരീടം എടുത്തു വയ്ക്കുന്നതിനും ധാരാളം വിശ്വാസികൾ പള്ളിപ്പുറത്തമ്മയുടെ സന്നിധിയിൽ എത്തിച്ചേരാറുണ്ട്.
ഇന്ന് കൊടിയേറ്റ്
ദിനം
കൊടിയേറ്റ് ദിനമായ ഇന്നു രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാൾ. പാട്ടുകുർബാന- റവ.ഡോ. പീറ്റർ കണ്ണമ്പുഴ. വചന സന്ദേശം-ഡീക്കൻ ജോൺ കരോൾ പെനുവേൽ സിഎംഐ. വൈകുന്നേരം നാലിന് യൂണിറ്റിൽനിന്നുള്ള പ്രസുദേന്തിമാരുടെ കാഴ്ചവയ്പ്, 4.30ന് ജപമാല. തുടർന്ന് പാട്ടുകുർബാന. കാർമികൻ-ഫാ. ജോസ് ഒഴലക്കാട്ട്. തുടർന്ന് തിരുനാൾ കൊടി ഉയർത്തൽ ഫൊറോന വികാരി റവ.ഡോ. പീറ്റർ കണ്ണമ്പുഴ നിർവഹിക്കും. തുടർന്ന് സൽവ ലദീഞ്ഞ്, നൊവേന, വാഴ്വ്, ലൈത്തോരൻമാരുടെ തെരഞ്ഞെടുപ്പ്.