മോദി പ്രധാനമന്ത്രിയായത് ജനവിധി അനുസരിച്ചല്ല: കെ.സി.വേണുഗോപാല്‍
1582899
Sunday, August 10, 2025 11:34 PM IST
അന്പലപ്പുഴ: ജനവിധി അനുസരിച്ചല്ല നരേന്ദ്രമോദി പ്രധാനമന്ത്രിയായതെന്ന് വോട്ടര്‍പ്പട്ടികയിലെ കൃത്രിമം രാഹുല്‍ ഗാന്ധി തെളിവ് സഹിതം പുറത്തുവിട്ടതോടെ വ്യക്തമായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് കണ്ടെത്താന്‍ വ്യാപകമായ ഓഡിറ്റിംഗ് നടത്തും. ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥികള്‍ 50,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ട 48 മണ്ഡലങ്ങളാണുള്ളത്. ഇവിടെയെല്ലാം വ്യാപകമായ പരിശോധന കോണ്‍ഗ്രസ് നടത്തും.
വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് കാണിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. അത് സംബന്ധിച്ച് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ശരിവയ്ക്കുകയാണ് മാധ്യമങ്ങളുടെ അന്വേഷണം.
എന്നിട്ടും രാഹുല്‍ ഗാന്ധി രാജിവയ്ക്കണമെന്നാണ് ബിജെപി പറയുന്നത്. ശരിയായ അന്വേഷണം നടത്തിയാല്‍ നരേന്ദ്ര മോദിയാണ് രാജിവയ്ക്കേണ്ടത്. അതിന് തയാറാകാതെ ആക്ഷേപം ഉന്നയിച്ച രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും തെരഞ്ഞെടുപ്പ് കമ്മീഷന് ഭീഷണിപ്പെടുത്തുകയാണ്. ക്രമക്കേട് സംബന്ധിച്ച് മറുപടി നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പേടിപ്പിക്കാന്‍ നോക്കണ്ട. ശക്തമായ പോരാട്ടം കോണ്‍ഗ്രസ് തുടരും.
ഇന്ന് ഡല്‍ഹിയില്‍ എംപിമാരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. നീതിപൂര്‍വവും നിഷ്പക്ഷവുമല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെന്ന് തെളിയിക്കപ്പെട്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലും വോട്ടര്‍പ്പട്ടികയില്‍ വ്യാജവോട്ടര്‍മാരെ ചേര്‍ക്കുന്ന പ്രകിയ നടന്നിരുന്നു. തൃശൂരിലേത് ഗൗരവമേറിയ സംഭവമാണ്. അവിടെ ബിജെപി സ്ഥാനാര്‍ഥി ജയിക്കാനുണ്ടായ സാഹചര്യം നമുക്കറിയാം. താന്‍ മത്സരിച്ച ആലപ്പുഴ മണ്ഡലത്തിലും 35,000 ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിരുന്നു. അത് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതാണെന്നും കേരളത്തില്‍ ഉള്‍പ്പെടെ എല്ലായിടത്തും കോണ്‍ഗ്രസ് വോട്ടര്‍പ്പട്ടികയിലെ കൃത്രിമം കണ്ടുപിടിക്കാന്‍ പരിശോധനകള്‍ നടത്തുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.