തെരഞ്ഞെടുപ്പുകമ്മീഷന് നിഷ്പക്ഷതയില്ലെന്ന് തെളിഞ്ഞു: വി.എം. സുധീരൻ
1582757
Sunday, August 10, 2025 7:14 AM IST
കായംകുളം: ജനാധിപത്യ ഭരണസംവിധാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ നിഷ്പക്ഷത പുലർത്താത്തതിന്റെ പ്രകടമായ ഉദാഹരണമാണ് രാജ്യത്താകമാനം വോട്ടർ പട്ടികയിൽനടന്ന ക്രമക്കേടുകളെന്നും ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് നിക്ഷപക്ഷതയില്ലെന്ന് തെളിഞ്ഞെന്നും കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ.
കായംകുളത്ത് കോൺഗ്രസ് നേതാവ് അഡ്വ. പി.എസ്. ബാബുരാജിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉൾപ്പെടെ വിശ്രമമില്ലാതെ പ്രവർത്തിച്ച ആത്മാർഥതയുള്ള നേതാവായിരുന്നു ബാബുരാജെന്ന് അനുസ്മരണ പ്രഭാഷണത്തിൽ മുൻ യുഡിഎഫ് കൺവീനർ എം.എം. ഹസൻ അനുസ്മരിച്ചു. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു. ടി. സൈനുലാബ്ദീൻ, അഡ്വ. ജോൺസൺ ഏബ്രഹാം, കെപിസിസി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.