പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയില്ല; പൊട്ടിയ ബണ്ടും റോഡും പുനർനിർമിച്ച് കർഷകർ
1583163
Monday, August 11, 2025 11:38 PM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിലെ പാരിയക്കര നൂറ്റന്പതിൽചിറ പാടശേഖരത്തിന്റെ ബണ്ട് കഴിഞ്ഞ ദിവസം തകർന്നു. മറ്റ് നിലങ്ങളും റോഡും വെള്ളക്കെട്ടായി മാറി. വിവരം കർഷകർ പഞ്ചായത്ത് അംഗത്തെയും ഭരണസമിതിയെയും ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് കർഷകരുടെ പരാതി. തൊഴിലുറപ്പ് തൊഴിലാളികളെ നിർത്തി ബണ്ട് അടപ്പിച്ച് വെള്ളമൊഴുക്ക് തടയാനുള്ള നടപടി സ്വീകരിക്കാമായിരുന്നെന്നു കർഷകർ പറയുന്നു.
തുടർന്ന് പ്രദേശവാസികളായ കർഷകരും നാട്ടുകാരും ചേർന്ന് പണപ്പിരിവ് നടത്തി പാറപ്പൊടിയും അവശിഷ്ടങ്ങളും ഉപയോഗിച്ചു ബണ്ടടച്ചു റോഡ് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. പാടശേഖര കമ്മിറ്റിയും പങ്കാളിയായി. നൂറുകണക്കിന് കുടുബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.