ചെങ്ങന്നൂരിന് പുതിയ റവന്യു ടവർ: നിർമാണോദ്ഘാടനം 14ന്
1582897
Sunday, August 10, 2025 11:34 PM IST
ചെങ്ങന്നൂര്‍: കാലങ്ങളായി ചെങ്ങന്നൂരിലെ റവന്യു ഓഫീസുകള്‍ നേരിട്ടിരുന്ന സ്ഥലപരിമിതിക്ക് ഉടന്‍ പരിഹാരമാകും. പഴയ താലൂക്ക് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിര്‍മിക്കുന്ന പുതിയ റവന്യു ടവറിന്റെ നിര്‍മാണോദ്ഘാടനം 14ന് നടക്കും. ആധുനിക സൗകര്യങ്ങളോടെ 22.12 കോടി രൂപ ചെലവില്‍ 57,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ചു നിലകളുള്ള മിനി സിവില്‍ സ്റ്റേഷനാണ് നിര്‍മിക്കുന്നത്.
നിര്‍മാണോദ്ഘാടനം മന്ത്രി കെ. രാജന് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന് അധ്യക്ഷനാകുന്ന ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഓഫീസുകളും
സൗകര്യങ്ങളും
താഴത്തെ നിലയില്‍ വാഹന പാര്‍ക്കിംഗ്, കാന്റീന്, താലൂക്ക് ഇലക്ഷന് ഗോഡൗണ്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള സ്ഥലം. ഒന്നാം നിലയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ്. രണ്ടാം നിലയില്‍ താലൂക്ക് ഓഫീസ്. മൂന്നാം നിലയില്‍ ആര്‍ഡിഒ ഓഫീസ്. നാലാം നിലയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് റൂം, പൊതുവായ കോണ്‍ഫറന്‍സ് ഹാള്‍. ഇതുകൂടാതെ, എല്ലാ നിലകളിലും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ശുചിമുറികള്‍, പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങള്‍ നേരിടാനുള്ള ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള കെട്ടിടങ്ങള്‍, ഇലക്ഷന് പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, സ്ട്രോംഗ് റൂം എന്നിവയും കെട്ടിടസമുച്ചയത്തില്‍ ഉണ്ടാകും.
200-ാം പിറന്നാള്‍
വേളയില്‍ പുതിയ
കെട്ടിടം
ചെങ്ങന്നൂര്‍ താലൂക്കിന്റെ 200-ാം പിറന്നാള്‍ വേളയിലാണ് ഈ പുതിയ ആസ്ഥാനം യാഥാര്‍ഥ്യമാകുന്നത് എന്നത് ശ്രദ്ധേയമാണ്. 1824 മാര്‍ച്ച് 11നാണ് തിരുവിതാംകൂര്‍ ഭരണാധികാരികളുടെ ഉത്തരവിലൂടെ ചെങ്ങന്നൂര്‍ താലൂക്ക് രൂപീകൃതമായത്. 1922ല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി താലൂക്ക് നിര്‍ത്തലാക്കി തിരുവല്ലയോട് കൂട്ടിച്ചേര്‍ത്തെങ്കിലും കേരളപ്പിറവിക്കുശേഷം ഇത് വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു.
നിലവില്‍ വാടകക്കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പുതിയ റവന്യു ടവര്‍ വരുന്നതോടെ ചെങ്ങന്നൂരിലെ റവന്യു ഓഫീസുകള്‍ക്കു പുതിയൊരധ്യായം കുറിക്കാന്‍ സാധിക്കും.
ചെങ്ങന്നൂരില്‍ ഒരു പദ്ധതി കൂടി യാഥാര്‍ഥ്യമാകുന്നു.14ന് ഇതിന്റെ ഉദ്ഘാടനം നടക്കും. നിലവില്‍ ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളല്‍ പ്രവര്‍ത്തിക്കുന്ന റവന്യു ഓഫീസുകള്‍ ഇനി ഒരു കെട്ടിടത്തിനു കീഴിലാകും. ഇത് യാഥാര്‍ഥ്യമാകുന്നതോടെ, റവന്യു കാര്യങ്ങള്‍ക്കായി പല സ്ഥലങ്ങളില്‍ പോകേണ്ട ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് ഒഴിവാകും.
മന്ത്രി സജി ചെറിയാന്