അമിതവേഗത്തിലെത്തിയ ലോറി കാറിലിടിച്ച് കാർയാത്രികർക്ക് ഗുരുതര പരിക്ക്
1583150
Monday, August 11, 2025 11:38 PM IST
ചെങ്ങന്നൂർ: കച്ചവട സ്ഥാപനം അടച്ച ശേഷം കാറിൽ വീട്ടിലേക്കു പോയ ഉടമയെയും ബന്ധുവിനെയും ജോലിക്കാരനെയും നിയന്ത്രണം തെറ്റി വന്ന ലോറി ഇടിച്ചു തകർത്തു. ഒരാളുടെ പരിക്ക് ഗുരുതരം. തിരുവൻവണ്ടൂർ നടുവിലേത്ത് സുരേഷ് കുമാർ (54), ബന്ധുവായ വനവാതുക്കര ശ്രീപദത്തിൽ നിഷാദ് കുമാർ (46), ജോലിക്കാരനായ ആസാം സ്വദേശി ത്രിലോചനൻ ബാരിക് (38) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ രാത്രി 9.30 നായിരുന്നു സംഭവം. എംസി റോഡിൽ കല്ലിശേരി ടിബി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലർ അടച്ചതിനു ശേഷം സുരേഷും ജോലിക്കാരനായ ത്രിലോചനനും ബന്ധുവായ നിഷാദ്കുമാർ എന്നിവർ കാറിൽ തിരുവൻവണ്ടൂരിലേക്കു വരുമ്പോൾ കല്ലിശേരി പറയനക്കുഴിപ്പാലത്തിനു സമീപമാണ് അപകടം.
തിരുവല്ല ഭാഗത്തുനിന്നു അമിത വേഗത്തിലെത്തിയ ലോറി ദിശമാറി ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ കാർ കറങ്ങി നിൽക്കുകയായിരുന്നു. മുൻവശം നിശേഷം തകർന്നു. കാറിൽ ഇടിച്ച ശേഷം സമീപത്തു സ്ഥാപിച്ചിരുന്ന എബി സ്വിച്ച് ഘടിപ്പിച്ച വൈദ്യുതി പോസ്റ്റുകളും തകർത്താണ് ലോറി നിന്നത്. ലോ വോൾട്ട് വൈദ്യുത കമ്പിയും പൊട്ടിവീണു.
ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റു. കാർ ഓടിച്ചിരുന്ന നിഷാദ് കുമാറിന്റെ പരിക്കാണ് ഗുരുതരം. ഇദ്ദേഹത്തെ ഡോർ പൊളിച്ചാണ് പുറത്തെടുത്തത്. കൈക്കും കാലിനും വാരിയെല്ലിനും ഗുരുതര പരിക്കുപറ്റി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മൂവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നിഷാദിനെ ഇന്നലെ രാവിലെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടത്തെത്തുടർന്ന് കല്ലിശേരി എംസി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് ലോറി റോഡിൽ നിന്നു മാറ്റിയത്. ഡ്രൈവറായ ആര്യൻകാവ് , അച്ചൻകോവിൽ ശ്രീ നന്ദനം വീട്ടിൽ രാജീവി (49) നെ പിന്നീട് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചെങ്ങന്നൂർ പോലീസ് മേൽടപടികൾ സ്വീകരിച്ചു.