മുട്ടം ഹോളിഫാമിലി സ്കൂള്‍ രജതജൂബിലി: നിരവധി പദ്ധതികള്‍ നടപ്പിലാക്കി
1583153
Monday, August 11, 2025 11:38 PM IST
ചേർത്തല: മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ എച്ച് എസ്എസ് വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം 12, 13, 14 തീയതികളിൽ നടക്കും. മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കീഴിലുള്ള സ്കൂളിന്റെ ഒരു വർഷം നീണ്ട ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ ഭവന നിർമാണം അടക്കമുള്ള ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തിയതായി സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ, പ്രിൻസിപ്പൽ ലിസാ കുര്യൻ, ഡീന ജോസഫ്, ടെസി ജോസഫ്, ബൈജു ജോസഫ് എന്നിവർ പറഞ്ഞു.
സെവൻസ് ഫുട്ബോൾ ടൂർണമെന്റ്, മെഡിക്കൽ ക്യാമ്പ്, പെൺകുട്ടികൾക്കായി ആർച്ച പദ്ധതി എന്നിവ നടപ്പാക്കി. പാഥേയം എന്ന പേരിൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണപ്പൊതികൾ എത്തിക്കുന്നുണ്ട്. ജൂബിലി സ്മാരകമായ റീഡിംഗ് റൂം സജ്ജമാക്കി. പരിപാടിയുടെ ഭാഗമായി ഇന്നു കൃതജ്ഞാതാ ബലി നടക്കും. നാളെ ഉച്ചയ്ക്കു രണ്ടിന് ലഹരിവിരുദ്ധ സൈക്കിൾ റാലി നടത്തും.
14ന് ഉച്ചയ്ക്ക് രണ്ടിന് ജൂബിലി സ്മാരക റീഡിംഗ് റൂം എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ റവ.ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്യും. 2.30ന് ചേരുന്ന സമാപനസമ്മേളനം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്സൺ ഭാർഗവൻ സുവനീർ പ്രകാശനം നിര്‍വഹിക്കും.