മാനം തെളിഞ്ഞു; ഹാർബർ ഉണർന്നു
1582759
Sunday, August 10, 2025 7:14 AM IST
അമ്പലപ്പുഴ: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടായ ഒരാഴ്ചത്തെ നീണ്ട ഇടവേളയ്ക്കു ശേഷം തോട്ടപ്പള്ളി ഹാർബർ ഇന്നലെ ഉണർന്നു. മത്തി, കണവ, കൊഴുവ തുടങ്ങിയവയുമായാണ് പരമ്പരാഗത വള്ളങ്ങളും ബോട്ടുകളും കരയിലെത്തിയത്. ട്രോളിംഗ് നിരോധനത്തിനു ശേഷം പുറംകടലാലിയായിരുന്ന പല ബോട്ടുകളും ഒരാഴ്ച ത്തെ അധ്വാനത്തിനു ശേഷമാണ് തോട്ടപ്പള്ളി ഹാർബറിൽ തീരമണഞ്ഞത്.
നാളുകളായി അന്യംനിന്ന കൂറ്റൻ കണവയാണ് ഇവർക്ക് ലഭിച്ചത്. ഏകദേശം രണ്ടെണ്ണം ഒരു കിലോ തൂക്കം വരും. കിലോയ്ക്ക് 550 രൂപ വച്ചാണ് തൂക്കിയത്. കേരള തീരത്തുനിന്ന് പിടിക്കുന്ന കണവയ്ക്കു വിദേശ വിപണയിൽ ആവശ്യക്കാർ ഏറെയാണ്.
ഇന്നലെ തോട്ടപ്പള്ളിയിൽ അടുത്ത ബോട്ടുകാർക്ക് കണവയും വള്ളക്കാർക്ക് മത്തിയും ലഭിച്ചു. നാളുക ളായി ചാകരയിലെ വില്ലനായിരുന്ന വലിയ മത്തി ലഭിച്ചതിന്റെ സന്തോഷത്തിലാണ് തോട്ടപ്പള്ളി ഹാർബർ. ആരും കൊതിക്കുന്ന മുട്ടവച്ച മത്തി 240 രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാർ എടുത്തത്. എന്തായാലും നീണ്ട ഇടവേളയ്ക്കുശേഷം തോട്ടപ്പള്ളി ഹാർബറിൽ ആളും അനക്കവും വച്ചു.