രാസലഹരിയുമായി യുവാക്കൾ പിടിയിൽ
1582758
Sunday, August 10, 2025 7:14 AM IST
അമ്പലപ്പുഴ: പുന്നപ്രയിൽ രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 5 ഗ്രാം എംഡിഎംഎയുമായി പുന്നപ്ര പുത്തൻചിറ വീട്ടിൽ അഖിൽ , പുന്നപ്ര പുത്തൻചിറയിൽ വീട്ടിൽ വൈശാഖ് എന്നിവരെയാണ് പിടികുടിയത്.
ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി. ഹണ്ടിന്റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ട് ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ മയക്കുമരുന്നുകൾ കൊണ്ടുവന്ന് സ്റ്റോക്ക് ചെയ്ത് അസമയങ്ങളിൽ വിൽപ്പന നടത്തുന്നുണ്ടെന്ന് മനസിലാക്കി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പഴയ നടക്കാവ് റോഡിൽ പത്തിൽ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്നായ 5 ഗ്രാം എം ഡി എം എയുമായി പ്രതികൾ പിടിയിലായത്.
വൈശാഖിന്റെ പേരിൽ നിരവധി കേസ് നിലവിലുണ്ട്. അഖിലും മറ്റൊരാളും ചേർന്ന് കേരളത്തിനു പുറത്തുപോയി എംഡി എംഎ വാങ്ങി നാട്ടിൽ എത്തിച്ചുകൊടുക്കുകയും അത് വൈശാഖ് നാട്ടിൽ വിതരണം ചെയ്യുകയുമാണ് ചെയ്തുവന്നത്. മാസത്തിൽ പല പ്രാവശ്യം ലഹരിവസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് അമിത ലാഭമുണ്ടാക്കി ആഡംബരജീവിതം നയിക്കുകയായിരുന്നു ഇവർ.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡിവൈ എസ്പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ പുന്നപ്ര സി ഐ മഞ്ജുദാസ്, സിപിഒ ജോജോ, അലക്സ് വർക്കി സുഭാഷ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികുടിയത്.