മത്സ്യമേഖല ഉണർന്നു, ഇറച്ചിക്കോഴി വില താഴോട്ട്
1582902
Sunday, August 10, 2025 11:34 PM IST
അമ്പലപ്പുഴ: മത്സ്യമേഖല ഉണർന്നപ്പോൾ ഇറച്ചി ക്കോഴി വില താഴോട്ട്. ഒരാഴ്ച മുമ്പ് വരെ കാലവർഷം ശക്തിപ്രാവിക്കുകയും വള്ളങ്ങൾ കടലിൽ പോകാതിരിക്കുകയും ചെയ്തതോടെ വിപണിയിൽ മൽസ്യക്ഷാമം രൂക്ഷമായിരുന്നു.
മത്തി അടക്കമുള്ളവയ്ക്ക് കിലോ 450 രൂപ വരെയെത്തി. മീൻ മേടിച്ചാൽ കൈ പൊള്ളുന്നത് കൊണ്ട് പലരും കോഴിഇറച്ചിയെ ആശ്രയിച്ചു. എന്നാൽ, ഈ സമയം മുതലാക്കി കോഴികചവടക്കാർ വില വർധിപ്പിച്ചു. ഇറച്ചി കിലോക്കു 270 രൂപ വരെയെത്തി. പക്ഷേ മഴ മാറി കഴിഞ്ഞ ദിവസം മുതൽ മൽസ്യവിപണി സജീവമായതോടെ കോഴി ഇറച്ചി വില ഇടിഞ്ഞു.
കിലോക്ക് 250 രുപായായിരുന്ന ഇറച്ചി ഇന്നലെ 170 രൂപക്കാണ് വിറ്റത്. എന്നാൽ, പല ഇറച്ചി വിൽപ്പന ശാലകളിലും തോന്നിയ വിലയിട്ടു വിൽക്കുന്നതായും ആക്ഷേപമുണ്ട്. എന്തായാലും നാടൻ മത്തി അടക്കം സുലഭമായി മീനിന്റെ വരവ് വിപണിയിൽ കൂടുന്നതോടെ കോഴി ഇറച്ചിവില ഇനിയും താഴാനാണ് സാധ്യത.