വലയെടുത്തു ജില്ലാ പഞ്ചയത്ത്
1583155
Monday, August 11, 2025 11:38 PM IST
ആലപ്പുഴ: രൂക്ഷമായ തെരുവുനായ ശല്യത്തിനു തടിയിടാൻ കർമപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പഞ്ചായത്ത് അടിസ്ഥാനത്തിൽ നായപിടിത്തം, വന്ധ്യംകരണം എന്നിവയ്ക്കു പരിശീലനം നൽകി സംഘങ്ങളെ നിയോഗിക്കാൻ തീരുമാനം. ഒരു മാസം നീളുന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കും. വളർത്തുമൃഗ വിഷയം ചർച്ച ചെയ്യാൻ മൃഗസ്നേഹികളെ ഉൾപ്പെടുത്തി ഈ ആഴ്ചതന്നെ യോഗം ചേരും. കൂടാതെ വെറ്ററിനറി ഡോക്ടര്‍മാരുടെ യോഗവും വിളിക്കും.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വളര്‍ത്തുനായ-തെരുവുനായ നിയന്ത്രണ പരിപാടി തയാറാക്കാൻ നടത്തിയ ശില്പശാലയിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.
75 ശതമാനം വാക്സിനേഷൻ
പേവിഷബാധക്കെതിരായ വാക്സിനേഷന്, തെരുവുനായ ശല്യം എന്നീ വിഷയങ്ങള്‍ ശില്പശാലയില് ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 13,571 തെരുവുനായ്ക്കളെ വാക്സിനേഷന് വിധേയമാക്കി. ആലപ്പുഴ നഗരസഭയില്‍ 77 ശതമാനം വാക്സിനേഷന് പൂര്‍ത്തിയാക്കാനായി. മറ്റ് തദ്ദേശസ്ഥാപനങ്ങളിലും വേഗത്തില്‍ വാക്സിനേഷന് നടത്തും.
എബിസി സെന്ററുകളുടെ പ്രവർത്തനം സജീവമാക്കും. നിലവില്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് അംഗീകാരം നേടി പ്രവര്‍ത്തിച്ചുവരുന്ന കണിച്ചുകുളങ്ങരയിലെ എബിസി സെന്ററില്‍ ഡോക്ടര്‍മാര്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൂട്ടും. സംസ്ഥാനത്ത് ആരംഭിക്കുന്ന ഏഴു പോര്‍ട്ടബിള്‍ എബിസി സെന്ററുകളില്‍ ഒന്ന് ജില്ലയില്‍ അനുവദിക്കാൻ സംസ്ഥന സര്‍ക്കാരിനോട് അഭ്യർഥിക്കും.
ഹോട്ട് സ്പോട്ടുകൾ
സ്കളുകള്‍, അങ്കണവാടികള്‍ എന്നിവയുടെ പരിസരങ്ങളില്‍ പ്രത്യേക ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി വാക്സിനേഷന്, ക്യാച്ചര്‍ എന്നീ സേവനങ്ങള്‍ ഉറപ്പാക്കും. ജില്ലയില്‍ ഏറ്റവുമധികം തെരുവുനായ്കളുടെ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്ത്, പ്രദേശം എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും.
ലൈസൻസ് നിർബന്ധം
നായ, പൂച്ച എന്നിവയെ വളര്‍ത്താനുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കും. വാക്സിനേഷനും കര്‍ശനമാക്കും. നായ വളര്‍ത്തുന്നയാള്‍ക്ക് അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നൽകുന്ന നിയമവും കര്‍ശനമായി നടപ്പാക്കും. തെരുവുനായ്ക്കളുടെ ഫീഡ് ചെയ്യാൻ ലൈസന്‍സുള്ള അനിമല്‍ ഫീഡർമാരെ കണ്ടെത്തി ഏർപ്പെടുത്തും. തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍, ഫീഡിംഗ് സ്റ്റേഷനുകള്‍, പുനരധിവാസകേന്ദ്രങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കും.
ശില്പശാലയില് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു അധ്യക്ഷയായി. മൃഗസംരക്ഷണ ബോര്‍ഡ് അംഗം ഡോ. വേണുഗോപാല്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ സി. അലക്സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ് കുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.വി. അരുണോദയ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ദിലീപ്കുമാര്, ഡിപിഎം ഡോ. കോശി സി. പണിക്കര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി.സി. നിത്യ, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പി.വി. വിനോദ്, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.