കായംകുളം നഗരസഭയിൽ ഭരണസ്തംഭനം: യുഡിഎഫ് കൗൺസിലർമാർ സത്യഗ്രഹസമരത്തിൽ
1594708
Thursday, September 25, 2025 11:41 PM IST
കായംകുളം: കായംകുളം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരേ യുഡിഎഫ് കൗൺസിലർമാർ സത്യഗ്രഹസമരത്തിൽ. എൽഡിഎഫ് ഭരണത്തിൻ കീഴിൽ നടക്കുന്ന വിവാദമായ പല പദ്ധതികളിലും കൂട്ടുനിന്നാൽ നിയമനടപടികൾ ഉണ്ടാകുമെന്ന് ഭയന്ന് കഴിഞ്ഞ പത്തു ദിവസമായി നഗരസഭാ സെക്രട്ടറി അവധിയിൽ പോയിരിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
പകരം ചാർജ് നൽകിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറും ചാർജ് എടുക്കാതെ അവധിയിൽ പോയി. അടുത്ത ചാർജ് എടുക്കേണ്ട ജനറൽ സൂപ്രണ്ടും റവന്യു സൂപ്രണ്ടും അവധിയിൽ പോയ വിചിത്രമായ സംഭവവികാസങ്ങളാണ് നഗരസഭയിൽ നടന്നുവരുന്നതെന്ന് പ്രതിപക്ഷ യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു.
വിവാദമായ ഐടിഐ സ്ഥലം ഏറ്റെടുപ്പും ഒന്നാം വാർഡിലെ പ്ലാസ്റ്റിക് പൊടിക്കുന്ന യൂണിറ്റ് പൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയമനടപടികളിലേക്ക് പോകുമെന്നുള്ളതുകൊണ്ടാണ് സെക്രട്ടറിയും പകരം ചാർജ് എടുക്കേണ്ട ഉദ്യോഗസ്ഥരും അവധിയിൽ പോയിരിക്കുന്നതെന്നും യുഡിഎഫ് ആരോപിച്ചു.
ഭരണത്തിന്റെ അവസാനനാളുകളിൽ എൽഡിഎഫ് ഭരണനേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ളയിൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നുള്ള നിയമോപദേശം ലഭിച്ചതാണ് ഇവരെല്ലാം അവധിയിൽ പോകാൻ കാരണമായത്. ഐടിഐക്ക് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ച മുമ്പ് നടന്ന വിവാദ കൗൺസിലിന്റെ മിനിറ്റ്സ് കൗൺസിലിന്റെ യോഗം കഴിഞ്ഞ് മൂന്നുദിവസത്തിനകം നൽകണമെന്ന ചട്ടം നിലനിൽക്കെ ഇതുവരെയും മിനിറ്റ്സ് നൽകുന്നതിന് തയാറായിട്ടില്ല.
ഇതിനെതിരേ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർക്കു പരാതി നൽകിയതായും യുഡിഎഫ് കൗൺസിലർമാർ അറിയിച്ചു. നഗരസഭയിൽ സിപിഎം ഭരണനേതൃത്വത്തിൽ നിരന്തരമായി നടന്നുവരുന്ന അഴിമതിക്കെതിരേ വിജിലൻസിൽ പരാതി നൽകുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫ് കൗൺസിലർമാരായ ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, ബിദു രാഘവൻ, ആർ. സുമിത്രൻ, അൻസാരി കോയിക്കലേത്ത് എന്നിവർ പറഞ്ഞു.
ഭരണപ്രതിസന്ധി എന്ന പ്രചാരണം
വസ്തുതാവിരുദ്ധം: ചെയർപേഴ്സൺ
കായംകുളം: നഗരസഭയിൽ ഭരണപ്രതിസന്ധിയാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം തികച്ചും വസ്തുതാ വിരുദ്ധവും രാഷ്ട്രീയ മുതലെടുപ്പിനു പ്രചരിപ്പിക്കുന്നതുമാണെന്ന് നഗരസഭാ ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.
നഗരസഭാ സെക്രട്ടറി മുൻകൂട്ടി തന്നെ ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അവധിക്ക് അപേക്ഷിക്കുകയും അവധി അനുവദിക്കുകയും ചെയ്തിരുന്നു. സെക്രട്ടറിയുടെ വ്യക്തിപരമായ കാര്യങ്ങൾക്കു പോകുന്നതിനായിട്ടാണ് അവധി എടുത്തിട്ടുള്ളത്. ശനിയാഴ്ച അദ്ദേഹം ജോലിയിൽ പ്രവേശിക്കും.
സെക്രട്ടറി അവധിയെടുത്തതിനെത്തുടർന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയർക്ക് സെക്രട്ടറിയുടെ പൂർണ ചുമതല നൽകി ജോയിന്റ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവർ ആ ചുമതല നിർവഹിച്ചുവരികയുമാണ്.
അസി. എക്സിക്യൂട്ടീവ് എൻജിനിയർ ചുമതല എടുത്ത് കാര്യങ്ങൾ ചെയ്തുവന്നിരുന്ന സമയത്താണ് അസി. എൻജിനിയർക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. സുഖമില്ലാതെ വന്നതിനെത്തുടർന്ന് ഇവർ മൂന്നു ദിവസത്തെ അവധി എടുക്കുകയുണ്ടായി. ഇന്നു ജോലിയിൽ തിരികെ പ്രവേശിക്കും. ഒരാൾക്ക് പെട്ടെന്ന് അസുഖം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
എന്നാൽ, ഇതിന്റെ പേരിൽ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും ഉണ്ടായിട്ടില്ല. മരാമത്തു ജോലികളുടെ ടെൻഡർ അടക്കമുള്ള ജോലികൾ കൃത്യമായി നടന്നുവരികയാണ്. ഈ കാര്യങ്ങൾ എല്ലാ കൗൺസിലർമാർക്കും അറിയാവുന്നതുമാണ്.
പ്രതിപക്ഷം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ മുതലെടുപ്പിനായിട്ടാണ് ഇത്തരത്തിലുള്ള കള്ള പ്രചാരണങ്ങൾ സൃഷ്ടിക്കുന്നതെന്ന് ചെയർപേഴ്സൺ പി. ശശികല പ്രസ്താവനയിൽ പറഞ്ഞു.