കുട്ടനാടിന്റെ നിലനില്‍പ്പിന് കേന്ദ്രീകൃത മാനേജ്മെന്റ് സംവിധാനം വേണം: മാര്‍ തോമസ് തറയില്‍
1594716
Thursday, September 25, 2025 11:41 PM IST
ചങ്ങനാശേരി: കുട്ടനാടിന്റെ സുസ്ഥിരവികസനവും ഗവേഷണവും ലക്ഷ്യമാക്കി ചങ്ങനാശേരി എസ്ബി കോളജില്‍ സെന്റര്‍ ഫോര്‍ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസര്‍ച്ച് സെന്റര്‍ തുറന്നു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. കുട്ടനാടിന്റെ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഭാവനാസമ്പന്നമായും ക്രിയാത്മകമായും ഇടപെടണമെന്ന് ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു. പ്രളയം ഉള്‍പ്പെടെ കുട്ടനാട് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹിക്കുന്നതിന് കേന്ദ്രീകൃത മാനേജ്മെന്റ് സംവിധാനം വേണമെന്നും ആര്‍ച്ച്ബിഷപ് നിര്‍ദേശിച്ചു.
കുട്ടനാടിനുവേണ്ടി പഠന റിപ്പോര്‍ട്ടുകളും പദ്ധതി പ്രഖ്യാപനങ്ങളുമല്ലാതെ ഫലപ്രദമായ ഇടപെടലുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന അധികജലം അതേഅളവിലും നിശ്ചിത സമത്തിനുള്ളിലും പുറംതള്ളാതെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാവില്ല. ഇതിനെക്കുറിച്ച് സര്‍ക്കാരുകള്‍ ചിന്തിക്കുന്നില്ല. വരും നൂറ്റാണ്ടുകളിലും കുട്ടനാട് പ്രൗഢിയോടെ നിലനില്ക്കാന് ഈ സെന്റര്‍ മുന്‍കൈയെടുക്കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. വേമ്പനാട്ട് കായല്‍ പുനരുദ്ധരിച്ച് മാര്‍ക്കറ്റിംഗ് സാധ്യതകള്‍ ഉപയോഗിക്കണം. തോട്ടപ്പള്ളി സ്പില്‍വേ പൂര്‍ണതോതില്‍ പ്രവര്ത്തക്ഷണമാക്കണം. പാഠശേഖരങ്ങള്‍ കൂടുതല്‍ ഉത്പാദനക്ഷമത കൈവരിക്കണം. ഇതിനൊക്കെ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസര്‍ച്ച് സെന്ററിനു കഴിയണമെന്നും കളക്ടര്‍ പറഞ്ഞു. കോളജ് മാനേജര്‍ മോണ്‍. ആന്റണി ഏത്തയ്ക്കാട്ട് ആമുഖ പ്രസംഗം നടത്തി.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ.ടെഡി കാഞ്ഞൂപ്പറമ്പില്‍, ജോസ് വേങ്ങാന്തറ, ജയ് ചാക്കോ ഇലഞ്ഞിക്കല്‍, വര്‍ഗീസ് കണ്ണമ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്ലാനിംഗ്ബോര്ഡംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, ഇ. ജോണ്‍ ജേക്കബിനെയും ഡോ. സിസ്റ്റര്‍ മാര്‍ഗരറ്റ് മരിയ ജോസ് എസ്എബിഎസ്, ഐ.സി. ചാക്കോയെയും അനുസ്മരിച്ചു.