ചുറ്റുമതിലിന് വിധി നേടിയിട്ടും നിർമിക്കാതെ ചുറ്റിച്ച് സർക്കാർ
1594713
Thursday, September 25, 2025 11:41 PM IST
അന്പലപ്പുഴ: കലാലയത്തിലെ ചുറ്റുമതിൽ നിർമിക്കാൻ മെഡിക്കൽ വിദ്യാർഥിനികൾ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചിട്ടും കുലുക്കമില്ലാതെ സർക്കാർ. ഹൈക്കോടതി നൽകിയ സമയ പരിധി അവസാനിച്ചിട്ടും ചുറ്റുമതിൽ നിർമാണത്തിനുള്ള ഒരു നടപടിയും സർക്കാർ തുടങ്ങിയിട്ടില്ല. ഈ മാസം 24ന് മുമ്പ് ചുറ്റുമതിൽ നിർമാണം പുർത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്.
ആലപ്പുഴ മെഡിക്കൽ കോളജിലെ ചുറ്റുമതിൽ നിർമാണം മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ഏഴു വിദ്യാർഥിനികൾ നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി കർശന നിർദേശം സർക്കാരിനു നൽകിയത്. മെഡിക്കൽ കോളജിന്റെ ചുറ്റുമതിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു പൊളിച്ചിട്ട് മൂന്നു വർഷത്തിലേറെയായി.
ആർക്കും കയറിയിറങ്ങാം
ഒരേക്കർ 19 സ്ഥലമാണുള്ളത്. മതിൽ പൊളിച്ചതിന് 36 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. പിന്നീട് മതിൽ നിർമിക്കാൻ 1.60 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ആരോഗ്യവകുപ്പിനു കൈമാറി ഒരു വർഷം പിന്നിട്ടിട്ടും ഒരു നടപടിയുമായില്ല. എട്ട് ഹോസ്റ്റലുകളിലായി ആയിരത്തിലധികം മെഡിക്കൽ വിദ്യാർഥികൾ, നൂറു കണക്കിനു ജീവനക്കാരുടെ ക്വാർട്ടേഴ്സ്, പത്തോളജി, അനാട്ടമി ഉൾപ്പെടെയുള്ള ലാബുകൾ, കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ എന്നിവയുള്ള ഈ കാമ്പസിൽ ആർക്കും എപ്പോഴും ഒരു പരിശോധനയും കൂടാതെ കയറിയിറങ്ങാവുന്ന അവസ്ഥയാണുള്ളത്. രാത്രിയിലും പകലുമൊക്കെ തെരുവുനായ ശല്യവും രൂക്ഷം. ഇതോടെയാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു മതിൽ നിർമാണത്തിന് ഉത്തരവ് നേടിയത്.
ഒരു സുരക്ഷയുമില്ല
വനിതാ ഹോസ്റ്റലുകളിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധശല്യം ഉണ്ടായതിനാൽ പലപ്രാവശ്യം പുന്നപ്ര പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്തിരുന്നു. കഴിഞ്ഞ ഡിസംബർ രണ്ടിന് ആറു മെഡിക്കൽ വിദ്യാർഥികളുടെ മരണം പോലും ഈ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. തെരുവു നായ്ക്കളുടെ ശല്യം മൂലം പകൽ പോലും കാമ്പസിൽ കയറിച്ചെല്ലാൻ പറ്റാത്ത സ്ഥിതിയാണ്. പിടിഎ പ്രതിനിധികൾ കുറെക്കാലമായി മന്ത്രിമാർ, എംപി, എംഎൽഎമാർ, കളക്ടർ തുടങ്ങിയവർക്കു നിവേദനം നൽകിയിരുന്നു.
എല്ലാവരും കൈകഴുകി
അവസാനം എംപിയും പബ്ളിക് അക്കൗണ്ട്സ് ചെയർമാനുമായ കെ.സി. വേണുഗോപാൽ മുൻകൈയെടുത്ത് ഈ വർഷമാദ്യം കളക്ടറേറ്റിൽ യോഗം ചേർന്നു. കണ്ടിജൻസി ഫണ്ട് ഉപയോഗിച്ചു ദേശീയ പാത അഥോറിറ്റി ഈ മതിൽ നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതിനും കാലതാമസം നേരിട്ടതോടെയാണ് പിടിഎയുടെ പിന്തുണയോടെ കോളജിലെ സാവ്യാ രാജ, ഫാത്തിമാ സുൽത്താന, നിദാ നസ്റിൻ, സ്നേഹാ രവീന്ദ്രൻ, എസ്. പാർവതി, റിയാ എൽ. റോബിൻസൺ, റിഫാനാ റഷീദ് എന്നീ വിദ്യാർഥിനികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
വീണ്ടും കോടതിയിലേക്ക്
കോടതിയിൽ ദേശീയപാത അഥോറിറ്റി മതിൽ നിർമാണത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഹൈക്കോടതി കാന്പസിന്റെയും വിദ്യാർഥികളുടെയും സുരക്ഷയ്ക്കു ഭീഷണിയായ വിഷയത്തിൽ അധികൃതരെ രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാർ മൂന്നു മാസത്തിനുള്ളിൽ ചുറ്റുമതിൽ നിർമിക്കണമെന്നു ജസ്റ്റീസ് നാഗരേഷിന്റെ നേത്യത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഹൈക്കോടതി നൽകിയ സമയ പരിധി അവസാനിച്ചിട്ടും ചുറ്റുമതിലിനായി ഒരു കല്ലു പോലുമിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ 24ന് ശേഷം വീണ്ടും കോടതിയെ സമീപിക്കാനാണ് പിടിഎയുടെയും കോളജ് യൂണിയന്റെയും തീരുമാനം.