ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ പടിയിറങ്ങി
1299073
Wednesday, May 31, 2023 11:46 PM IST
കോട്ടയം: ജില്ലാ കളക്ടര്‍ പി. കെ. ജയശ്രീ സര്‍വീസില്‍നിന്നു വിരമിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റെജി പി. ജോസഫിന് ചുമതല കൈമാറിയശേഷമാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. വൈകുന്നേരം ആറിന് കളക്ടറേറ്റിന്റെ പടിയിറങ്ങി. 36 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ജില്ലാ കളക്ടര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നത്. ജില്ലയുടെ 47-ാമത് കളക്ടറായി 2021 ജൂലൈ 13നാണ് ചുമതലയേറ്റത്.
1963 മേയ് 26 ന് വൈക്കം ഉദയാനപുരത്താണ് ജനനം. 1978 ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എട്ടാം റാങ്കിന് അര്‍ഹയായി. 1984 ല്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് കൃഷിയില്‍ ബിരുദവും 2004 ല്‍ ഡോക്ടറേറ്റും നേടി. 1987 മുതല്‍ 13 വര്‍ഷം കൃഷി ഓഫീസറായി സേവനമനുഷ്ഠിച്ചു. 2,000 ത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അസി. പ്രഫസറായി ജോലി ലഭിച്ചു.
2007 ല്‍ സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ഡെപ്യൂട്ടി കളക്ടറായി സേവനമാരംഭിച്ചു. 2013 ല്‍ തൃശൂരില്‍നിന്നും 2015 ല്‍ കാസര്‍ഗോഡ് നിന്നും മികച്ച ഡെപ്യൂട്ടി കളക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ ഐഎഎസ് ലഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, കൃഷി വകുപ്പ് ഡയറക്ടര്‍, സഹകരണ രജിസ്ട്രാര്‍, പഞ്ചായത്ത് ഡയറക്ടര്‍, തിരുവല്ല, തൃശൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ആര്‍ഡിഒ, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
2007 ല്‍ കോട്ടയത്ത് ഒരു വര്‍ഷം ഡെപ്യൂട്ടി കളക്ടറായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് സ്ഥിരതാമസം. എസ്ബിഐയില്‍ മാനേജരായിരുന്ന പി.വി. രവീന്ദ്രന് നായരാണ് ഭര്‍ത്താവ്. മക്കള്‍ ഡോ. ആരതി ആര്. നായര്‍, അപര്‍ണ ആര്. നായര്‍.