കാണാതായ കുഞ്ഞിനെ ഉടനടി വീട്ടില്‍ തിരികെയെത്തിച്ച് പോലീസ്
1396891
Saturday, March 2, 2024 6:42 AM IST
കോട്ടയം: വീട്ടില്‍നിന്നും ഇറങ്ങി വഴിതെറ്റിയ നാലു വയസുകാരനെ നിമിഷങ്ങള്‍ക്കകം വീട്ടില്‍ തിരികെയെത്തിച്ച് കോട്ടയം ഈസ്റ്റ് പോലീസ്. ഇന്നലെ രാവിലെ ഒന്‍പതിനാണ് സംഭവം. കോട്ടയം റബര്‍ ബോര്‍ഡിന് സമീപം താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കേയാണ് നാലുവയസുകാൻ വീട്ടില്‍നിന്നും ഇറങ്ങി കഞ്ഞിക്കുഴി ഭാഗത്തേക്കു നടന്നത്.
എട്ടു വര്‍ഷമായി ഇവിടെ താമസിക്കുന്ന ദമ്പതികളുടെ വീട്ടില്‍ ഇവരുടെ സഹോദരിയും ഭര്‍ത്താവും വിരുന്നിനെത്തിയിരുന്നു. ഇവരുടെ മൂന്ന് കുട്ടികളില്‍ രണ്ടാമത്തെയാളാണ് നാലുവയസുകാരൻ. വീട്ടില്‍നിന്ന് ഇറഞ്ഞാല്‍, പൊന്‍പള്ളി ഭാഗത്തേക്കു നടന്ന കുട്ടി പിന്നീട് വഴിയറിയാതെ റോഡില്‍ കരഞ്ഞുനില്ക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ വിവരം ഉടന്‍തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചു.
വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് ഉടന്‍ സ്ഥലത്തെത്തി. കുട്ടിയുടെ സംസാരത്തില്‍നിന്ന് ഇതരസംസ്ഥാനക്കാരുടെ കുട്ടിയാണെന്ന് മനസിലാക്കി സമീപപ്രദേശങ്ങളിലെ വീടുകള്‍ കയറിയിറങ്ങി പോലീസ് കുട്ടിയുടെ മാതാപിതാക്കളെ തെരഞ്ഞു. ഇതിനിടെ കുട്ടിയുടെ മാതാപിതാക്കള്‍, വീട്ടില്‍നിന്നുമിറങ്ങി കുട്ടിയെ തെരയാന്‍ തുടങ്ങി. തുടര്‍ന്ന് പോലീസില്‍ പരാതി നല്കുവാന് തുടങ്ങുന്നതിനിടയില്ത്തന്നെ പോലീസ് ഇവരുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്കു കുട്ടിയെ കൈമാറി.
കോട്ടയം ഈസ്റ്റ് എസ്ഐ നെല്‍സണ്‍, സിപിഒമാരായ പ്രതീഷ് രാജ്, അനിക്കുട്ടന്, രമേശന് ചെട്ടിയാര്‍, അജിത്ത് ബാബു, സുരമ്യ എന്നിവരായിരുന്നു കുട്ടിയെ കണ്ടെത്തി തിരികെ മാതാപിതാക്കളെ ഏല്‍പ്പിച്ചത്.