വേനൽ: കിണര്‍ ജലനിരപ്പ് കുത്തനെ താഴുന്നു
1397015
Sunday, March 3, 2024 5:02 AM IST
കോട്ടയം: കൊടുംവേനല്‍ ഇങ്ങനെ തുടര്‍ന്നാല്‍ വെള്ളംകുടി മുട്ടുമെന്ന മുന്നറിയിപ്പുമായി ജിയോളജി വകുപ്പ്. ജില്ലയിലെ കിണറുകളില്‍ ഇക്കൊല്ലത്തെ ജലനിരപ്പ് രണ്ട് അടി മുതല്‍ നാല് അടിവരെ താഴ്ന്നിരിക്കുന്നു. ഭൂഗര്‍ഭജലനിരപ്പിലും വലിയ കുറവാണുള്ളത്. ഇപ്പോള്‍ കുഴിക്കുന്ന കുഴല്‍ക്കിണറുകള്‍ ഏറെയും പരാജയപ്പെടുകയും ചെയ്യുന്നു.
തോടുകള്‍ക്കും പുഴകള്‍ക്കും സമീപം നിര്‍മിക്കുന്ന കിണറുകളില്‍പോലും ജലസാധ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ മുടങ്ങിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കാലവര്‍ഷം ഇടമുറിഞ്ഞതിനാല് വെള്ളം മണ്ണില്‍ പതിവുതോതില് സംഭരിക്കപ്പെട്ടില്ല. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇക്കൊല്ലം ഫെബ്രുവരിയിൽ താപനിലയില്‍ രണ്ടു ശതമാനം വര്‍ധനയുണ്ടായി. മാര്‍ച്ചിൽ ചൂട് 40 ഡിഗ്രിയോട് അടുത്തുകൊണ്ടിരിക്കുന്നു.
മാര്‍ച്ചില്‍ വേനല്‍മഴയ്ക്കുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ വന്‍ വരള്‍ച്ചയ്ക്കും കൃഷിനാശത്തിനുമുള്ള സാധ്യതയാണ് മുന്നിലുള്ളത്. നദികളില്‍ വന്‍തോതില്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കപ്പെട്ടതിനാലാണ് നദികളില്‍ ഒഴുക്കു മുറിയാത്തത്. എന്നാല്‍ പുഴകളില്‍ വെള്ളം വലിയ തോതില്‍ മലനീകരിക്കപ്പെടുന്നതായാണ് പഠനങ്ങള്‍.