തെരുവു വിളക്കിന്റെ കണക്ഷൻ പ്ലാസ്റ്റിക് കുപ്പിയിൽ!!
1415831
Thursday, April 11, 2024 10:57 PM IST
മണിമല: പുനലൂർ - മൂവാറ്റുപുഴ റോഡരികിൽ തകർന്ന തെരുവു വിളക്കിന്റെ കണക്ഷൻ പ്ലാസ്റ്റിക് കുപ്പി കൊണ്ട് മറച്ചുവച്ച് അധികൃതരുടെ ജാഗ്രത!! കറിക്കാട്ടൂർ ഗവൺമെന്റ് ആശുപത്രിയിലേക്ക് തിരിയുന്ന റോഡിന്റെ സമീപത്താണ് അനാസ്ഥയുടെ ഈ കാഴ്ച.
മാസങ്ങൾക്കു മുമ്പ് വാഹനം ഇടിച്ചതിനെ തുടർന്നാണ് തെരുവു വിളക്ക് തകർന്നത്. പോസ്റ്റിന്റെ ബാക്കി ഭാഗങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിടപ്പുണ്ട്. ആശുപത്രിയിലേക്കുള്ള രോഗികൾ ഉൾപ്പെടെ നിരവധി കാൽനട യാത്രക്കാർ പോകുന്ന ഫുട്പാത്തിന് സമീപം പ്ലാസ്റ്റിക് കുപ്പിക്കുള്ളിലേക്ക് കടത്തി വച്ചിരിക്കുകയാണ് ഇപ്പോൾ തെരുവു വിളക്കിന്റെ കണക്ഷൻ.
വഴിയാത്രക്കാരോ, കുട്ടികളോ മറ്റോ പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്താൽ സംഭവിക്കാവുന്ന ദുരന്തങ്ങൾ ആശങ്കയായി ഉണ്ടെങ്കിലും നാളുകൾക്ക് ശേഷവും യാതൊരു നടപടികളും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. ജനങ്ങളുടെ സുരക്ഷിതത്വം പരിഗണിച്ച് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.