വേനല്‍മഴ നെൽകര്‍ഷകര്‍ക്ക് വിനയായി
1415997
Friday, April 12, 2024 6:43 AM IST
ചിങ്ങവനം: കനത്തമഴയില്‍ വീണടിഞ്ഞ നെല്ല് കൊയ്തെടുക്കുവാന്‍ കര്‍ഷകര്‍ നെട്ടോട്ടത്തില്‍. കായല്‍ നിലങ്ങളില്‍ മഴയ്ക്കു മുന്‍പേ ഭൂരിഭാഗവും കൊയ്ത്തു കഴിഞ്ഞെങ്കിലും ഗ്രാമീണ മേഖലയിലെ പാടങ്ങളിലെ കര്‍ഷകര്‍ പെടാപ്പാട് പെടുകയാണ്. ഇനിയും മഴ തുടര്‍ന്നാല്‍ കനത്ത നഷ്ടം നേരിടേണ്ടിവരുമെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ പല പാടങ്ങളിലും നെല്ല് വീണടിഞ്ഞ നിലയിലാണ്. ഇത്തരം പാടങ്ങളില്‍ മഴവെള്ളം ഉയര്‍ന്നതോടെ രാത്രി കാലങ്ങളില്‍ പറന്നിറങ്ങിയ പക്ഷിക്കൂട്ടങ്ങള്‍ ഏറെക്കുറെ നെല്ല് തിന്നുതീര്‍ക്കുകയും ചെയ്തു. പനച്ചിക്കാട്, കുറിച്ചി, വാകത്താനം പ്രദേശങ്ങളില്‍ ചുരുക്കം പാടങ്ങളിലെ നെല്ലാണ് മഴയ്ക്ക് മുന്‍പ് കൊയ്തെടുത്തത്.
വിവിധയിടങ്ങളിലായി ഏക്കറുകണക്കിന് നെല്ലാണ് കൊയ്തെടുക്കുവാനുള്ളത്. കൊയ്തെടുത്ത് കഴിഞ്ഞാലും നെല്ല് ലോറികളില്‍ കയറ്റിവിടുന്നതുവരെ കൃഷിക്കാരുടെ നെഞ്ചില്‍ തീയാണ്. ഇനിയും കനത്ത മഴ തുടര്‍ന്നാല്‍ പാടങ്ങളില്‍ വെള്ളം ഉയര്‍ന്ന് കൊയ്തെടുക്കുവാന്‍ യന്ത്രം ഇറക്കാന്‍ വയ്യാത്ത സാഹചര്യം ഉണ്ടാകും. വെള്ളം ഉയര്‍ന്നു നെല്ചെടികള് നാശത്തിന്റെ വക്കിലാകുകയും ചെയ്യും.
പാടത്തെ വെള്ളം പമ്പ് ചെയ്ത് ഒഴുക്കിയാലും തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് മട വീഴാനുള്ള സാഹചര്യമാണ് കര്‍ഷകരെ ഏറെ കുഴയ്ക്കുന്നത്. പലയിടങ്ങളിലും പുറംബണ്ട് പേരിനു മാത്രമാണ്. ഇത് മട വീഴ്ചയ്ക്ക് ആക്കം കൂട്ടും. ബണ്ട് തകര്‍ന്ന് മട വീഴ്ചയുണ്ടായാല്‍ നെല്ല് ഉപേക്ഷിക്കുകയേ മാര്‍ഗമുള്ളൂ.
പുറംബണ്ട് ശക്തമല്ലാത്തതിനാലാണ് പലയിടങ്ങളിലും വിത താമസിച്ചത്. പാടത്തും തോട്ടിലും ഒരുപോലെ വെള്ളം നിന്നതിനാല്‍ താമസിച്ചാണ് ഈ വര്‍ഷം കൃഷിക്ക് തുടക്കംകുറിച്ചത്. കാലവര്‍ഷത്തിന് മുന്‍പ് കൊയ്തെടുക്കാമെന്ന് കരുതി കൃഷിയിറക്കിയെങ്കിലും കാലം തെറ്റി പെയ്യുന്ന കനത്ത മഴ കര്‍ഷകര്‍ക്ക് വിനയായിരിക്കുകയാണ്.