കടുത്തവെയിലും നീരൊഴുക്ക് നിലച്ച തോടുകളും; ആശങ്കയോടെ നെല്‍കര്‍ഷകര്‍
1418125
Monday, April 22, 2024 6:33 AM IST
കടുത്തുരുത്തി: കടുത്ത വെയിലും നീരൊഴുക്ക് നിലച്ച് തോടുകളും,ആശങ്കയോടെ നെല്‍കര്‍ഷകര്‍. അപ്പര്‍ കുട്ടനാട്ടില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദനം നടക്കുന്ന കല്ലറ പഞ്ചായത്തിലെ കര്‍ഷകര്‍ ആശങ്കയിലാണ്.
കര്‍ഷകര്‍ക്ക് മാത്രമല്ല വേനല്‍ കടുത്തതോടെ നാട്ടുകാര്‍ക്കും ജലഗതാഗതത്തിനും എല്ലാം പോളയും പായലും മാലിന്യവും നിറഞ്ഞ തോടുകള്‍ ഭീഷണിയായി മാറിയിട്ട് നാളുകളായി. കടുത്ത വെയിലും നീരൊഴുക്ക് നിലച്ച തോടുകളുമാണ് ഇതിനു പ്രധാന കാരണമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ചെറുതും വലുതുമായ 73 പാടശേഖരസമിതികളാണ് കല്ലറ പഞ്ചായത്തിലുള്ളത്. പാടശേഖരങ്ങള്‍ക്ക് സമീപമുള്ള തോടുകളില്‍ നിന്നാണ് കര്‍ഷകര്‍ കൃഷിക്കാവശ്യമായ വെള്ളം എടുത്തിരുന്നത്. നിലവില്‍ പഞ്ചായത്തിലെ തോടുകളെല്ലാംതന്നെ പുല്ലും കുളവാഴകളും പായലും കൊണ്ടു മൂടിയിരിക്കുകയാണ്.
മുടക്കാലി, മുല്ലമംഗലം, പെരുന്തുരുത്ത്, ചുങ്കം തോടുകളെല്ലാം മലിനമാണ്. ഒന്നരമീറ്ററോളം ആഴത്തില്‍ കറുകപ്പുല്ല് വളര്‍ന്നിരിക്കുന്നു. വെള്ളത്തിന്റെ നിറം പോലും മാറി. കനത്തവേനലില്‍ ഭൂഗര്‍ഭ ജല വിതാനത്തിന്റെ അളവും കുറയുന്നതിനാല്‍ കിണറുകളും ഉപയോഗശൂന്യമാകുന്ന അവസ്ഥയാണ് കല്ലറയില്‍ നിലനില്‍ക്കുന്നത്.
ജല അഥോറിട്ടിയുടെ കുടിവെള്ള വിതരണ പദ്ധതികളും അവതാളത്തിലായി. 15 ദിവസം കൂടുമ്പോള്‍ മാത്രമാണ് കല്ലറയില്‍ ജല അഥോററ്റിയുടെ കുടിവെള്ളം വരുന്നത്. തോടുകള്‍ മലിനമല്ലാതിരുന്നെങ്കില് വസ്ത്രം അലക്കാനും മറ്റാവശ്യങ്ങള്‍ക്കുമെല്ലാം നാട്ടുകാര്‍ക്ക് ഈ ജലം ഉപയോഗിക്കാമായിരുന്നു.
നെല്‍കൃഷി കൂടുതൽ ആശ്രയിച്ച് അതിജീവനം നടത്തുന്ന കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന കാര്യം തോടുകള്‍ തെളിക്കുക എന്നതാണ്. അടുത്ത വര്‍ഷകാല കൃഷിക്ക് മുമ്പ് തോടുകള്‍ ശുചീകരിക്കണമെന്നും ഇല്ലെങ്കില്‍ അത് കൃഷിയെ ബാധിക്കുമെന്നും കര്‍ഷകനായ കുഞ്ഞുമോന് പാറേമ്യാലില്‍ പറയുന്നു.
ഇറിഗേഷന്‍ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്ന് പഞ്ചായത്തംഗങ്ങളും ആവശ്യപ്പെടുന്നു. തോടുകള്‍ ശുചീകരിക്കാന്‍ ഫണ്ട് വിനിയോഗിക്കാന്‍ പഞ്ചായത്തിന് സാധിക്കില്ല. കല്ലറയുടെ ജലാശയ ടൂറിസ സാധ്യതകളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന സ്വകാര്യ സംരംഭകരും ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ ആശങ്കയിലാണ്.