ഗജവീരൻ പട്ടാമ്പികർണൻ ചരിഞ്ഞു
1423529
Sunday, May 19, 2024 6:55 AM IST
വൈക്കം: തലയെടുപ്പിനാൽ ആനപ്രേമികളുടെ ഹൃദയത്തിലിടം നേടിയ ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു. ഉത്സവപ്പറമ്പിലെ നിറസാന്നിധ്യമായിരുന്ന പട്ടാന്പി സ്വദേശി പ്രമോദിന്റെ ഉടമസ്ഥതയിലുള്ള പട്ടാമ്പി കർണനെ കാലിനു നീരുവന്നതിനെത്തുടർന്നാണ് ഒരു മാസം മുമ്പ് വെച്ചൂർ ഗോവിന്ദപുരം ക്ഷേത്രത്തിനു സമീപം പട്ടത്താനത്ത് ചികിത്സയ്ക്കായി കൊണ്ടുവന്നത്. മാർച്ചിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്തിനായി പട്ടാമ്പി കർണനെത്തിയിരുന്നു.
അസുഖ ബാധിതനായതോടെ കഴിഞ്ഞമാസം ചികിൽസയ്ക്കായി വെച്ചൂരിലേക്കു വീണ്ടുമെത്തിക്കുകയായിരുന്നു. നീരുവന്ന കാലുകളിലെ പരിക്ക് ക്രമേണ ഗുരുതരമായതിനെത്തുടർന്ന് ആഴത്തിലുള്ള വലിയ വൃണമായിത്തീരുകയായിരുന്നു.
ഫോറസ്റ്റ് വകുപ്പിലെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. ഇന്നലെ പുലർച്ചെ ചരിയുകയായിരുന്നു. 45 വയസായിരുന്നു. ഫോറസ്റ്റ് അധികൃതരെത്തി ഇൻക്വസ്റ്റ് തയാറാക്കിയതിനെത്തുടർന്ന് ഉച്ചകഴിഞ്ഞ് ഒന്നരയോടെ മറവു ചെയ്യാനായി കോടനാട്ടേക്ക് കൊണ്ടുപോയി.