പാലായില്‍ ദൃശ്യവിരുന്നൊരുക്കി ‘കാസില്‍ദാ' മെഗാഷോ
1423624
Sunday, May 19, 2024 11:04 PM IST
പാലാ: രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാസില്‍ദാ മെഗാഷോ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ അരങ്ങേറി. ഉന്നത വിദ്യാഭ്യാസ രംഗത്ത് നാക് എ ഗ്രേഡ് കരസ്ഥമാക്കി മുന്നേറുന്ന രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ധനശേഖരണാര്‍ഥമാണ് മെഗാഷോ സംഘടിപ്പിച്ചത്.
കോളജ് മ്യൂസിക്കല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാലാ കമ്യൂണിക്കേഷനുമായി സഹകരിച്ചാണ് അറുപതോളം കലാകാരന്മാര് അണിനിരന്ന നൃത്ത, സംഗീത, നാടകാവിഷ്കാരമായ കാസില്‍ദാ അരങ്ങേറിയത്. തുടർന്ന് പാലാ കമ്യൂണിക്കേഷൻസിന്റെ വിഖ്യാത നാടകം "ജീവിതം സാക്ഷിയും' പ്രദര്‍ശിപ്പിച്ചു.
മധ്യകേരളത്തില്‍ കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൊതുഇടത്തില്‍ നടത്തപ്പെടുന്ന ആദ്യ പരിപാടിയായിരുന്നു ഈ മെഗാ ഷോ. എല്ലാ വര്‍ഷവും ഭവന നിര്‍മാണ പദ്ധതിയിലൂടെ കോളജ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നിർമിച്ചു നല്കി വരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചാരിറ്റി ഷോ സംഘടിപ്പിച്ചത്. സാംസ്കാരിക നേതാക്കള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ മെഗാഷോയില്‍ പങ്കെടുത്തു.
പാലാ മുനിസിപ്പല്‍ ചെയര്മാന് ഷാജു തുരുത്തന് മെഗാഷോ ഉദ്ഘാടനം ചെയ്തു.കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, കൗണ്‍സിലര്‍ ബിജി ജോജോ, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഫാ. ജോസഫ് ആലഞ്ചേരി, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, രാജീവ് കൊച്ചുപറമ്പില്‍, കോളജ് കൗണ്‍സില്‍ ചെയര്മാന് ആശിഷ് ബെന്നി, പ്രകാശ് ജോസഫ്, മനോജ് സി. ജോര്‍ജ്, കിഷോര്‍, തോംസണ്‍ കെ. അഗസ്റ്റിന്, ഷിബു വില്‍ഫ്രഡ് എന്നിവര്‍ നേതൃത്വം നല്കി.