തെരുവു വിളക്കുകൾ തെളിയാത്തതിനെക്കുറിച്ച് പരാതിപ്പെട്ടു : നഗരസഭ വൈസ് ചെയർമാനെ കെഎസ്ഇബി വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി
1425023
Sunday, May 26, 2024 5:48 AM IST
വൈക്കം: നഗരത്തിലെ തെരുവു വിളക്കുകൾ തെളിയാത്തതിനെക്കുറിച്ച് കെഎസ്ഇബിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പരാതിപ്പെട്ട വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിനെ അഡ്മിൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നു പുറത്താക്കി.
സംഭവം വിവാദമായതോടെ നഗരത്തിലെ തെരുവുവിളക്കുകൾ തെളിച്ച് അധികൃതർ തലയൂരി. വൈക്കം കായലോര ബീച്ചിലും കച്ചേരിക്കവലയിലും കഴിഞ്ഞ രണ്ടാഴ്ചയായി തെരുവുവിളക്കുകൾ തെളിഞ്ഞിരുന്നില്ല. വാർഡ് കൗൺസിലർ ബിന്ദു ഷാജി പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ ത്തുടർന്നാണ് നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് കെഎസ്ഇബി അധികൃതരോട് പരാതിപ്പെട്ടത്.തെരുവുവിളക്കുകൾ തെളിക്കുന്നത് തങ്ങളുടെ ചുമതലയല്ലെന്നും പൊതുജനങ്ങൾക്ക് ഫ്യൂസ് കുത്തിയാൽ മതിയെന്നുമായിരുന്നു അധികൃതരുടെ മറുപടി.
വെള്ളിയാഴ്ച രാത്രി പത്തോടെ വൈക്കം കച്ചേരിക്കവലയിലെത്തി വൈസ്ചെയർമാൻ ഫ്യൂസ് കുത്തിയെങ്കിലും തെരുവ് വിളക്കുകൾ തെളിഞ്ഞില്ല. തുടർന്ന് ആ രാത്രി തന്നെ വൈക്കം കെഎസ്ഇബി സബ് ഡിവിഷൻ ഓഫീസിലെത്തി കെഎസ്ഇബിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പരാതി നൽകിയത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ ഉദ്യോഗസ്ഥൻ പരാതി ഡിലീറ്റ് ചെയ്യുകയും വൈസ് ചെയർമാൻ പി.ടി. സുഭാഷിനെ ഗ്രൂപ്പിൽനിന്നു പുറത്താക്കുകയും ചെയ്തു. സംഭവം നഗരത്തിൽ സംസാര വിഷയമായതിനെത്തുടർന്ന് കെഎസ്ഇബി അധികൃതർ ഇന്നലെ നഗരത്തിലെ ബീച്ചിലടക്കമുള്ള തെരുവുവിളക്കുകൾ തെളിച്ച് തലയൂരുകയായിരുന്നു.