വാട്ടര്‍ അലര്‍ട്ടായി മീനച്ചില്‍ മഴ-പുഴ നിരീക്ഷണം
1425193
Sunday, May 26, 2024 11:39 PM IST
ജിബിന്‍ കുര്യന്
കോട്ടയം: മണ്ണും മനസും ജീവജാലങ്ങളും നരകത്തീയില്‍ ഉരുകിയതിനു ശേഷം കിട്ടുന്ന മഴയോളം സുന്ദരമായത് വേറൊന്നുമില്ല. കാലവര്‍ഷം തിമിര്‍ത്തു പെയ്യുമ്പോള്‍ മീനച്ചിലാറിന്റെ തീരത്തുള്ളവര്‍ പ്രത്യേകിച്ച് മലയോരമേഖലയിലെ ആളുകള്‍ മഴ അളക്കുകയും നിരീക്ഷിക്കുകയുമാണ്. മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ മീനച്ചില്‍ മഴ നിരീക്ഷണ ശൃംഖല പദ്ധതിയുടെ ഭാഗമായിട്ടാണ് മലയോര മേഖലയിലെ നൂറിലധികം കുട്ടികളും കര്‍ഷകരും വീട്ടമ്മമാരുമാണ് മഴ അളക്കുന്നതും നിരീക്ഷിക്കുന്നതും. ഇവരുടെ മഴ നിരീക്ഷണം ഇന്ന് മഴ-വെള്ളപ്പൊക്ക മുന്നൊരുക്ക പ്രവര്‍ത്തനമായി മാറിയിരിക്കുകയാണ്.
2018 പ്രളയകാലത്താണ് മീനച്ചില്‍ നദീ സംരക്ഷണ സമിതി മഴ നിരീക്ഷണം തുടങ്ങിയത്. അസ്വഭാവികമായ രീതിയില്‍ മലയോരത്ത് മഴ പെയ്തപ്പോള്‍ മലയോരത്തുനിന്നു ലഭിച്ച മഴയുടെയും വെള്ളത്തിന്റെയും വിവരങ്ങള്‍ കുമരകം വരെയുള്ള മീനച്ചിലാറിന്റെ തീരത്തുള്ളവര്‍ക്ക് വലിയ ജാഗ്രാതാ നിര്‍ദേശമായി മാറി. നദീ സംരക്ഷണ സമിതി പ്രവര്‍ത്തകനായ ഗോപു നട്ടാശേരി മലയോരത്തെ അസ്വഭാവിക മഴയുടെ വിവരങ്ങളറിഞ്ഞ് ഉടന്‍ തന്നെ കോട്ടയത്ത് ഏറ്റവും ആദ്യം വെള്ളം കയറുന്ന കൊശമറ്റം കോളനിയിലെത്തുകയും വെള്ളപ്പൊക്ക സാധ്യതകള്‍ അറിയിക്കുകയും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു.
ഇവിടെയുണ്ടായിരുന്ന 150 കുടുംബങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കഴിഞ്ഞപ്പോഴാണ് കോളനിയെ മുക്കിയ കിഴക്കന്‍ വെള്ളം നിറഞ്ഞ വെള്ളപ്പൊക്കമെത്തിയത്. അന്ന് ഫോണിലൂടെയും മറ്റും ലഭിച്ച വിവരങ്ങല്‍ പടിഞ്ഞാറന്‍ മേഖലയിലെ മഴ മുന്നൊരുക്കങ്ങള്‍ക്ക് തുണയായി. തുടര്‍ന്ന് സേവ് മീനച്ചിലാര്‍ എന്നപേരില്‍ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിക്കുകയും മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ മഴ മാപിനികള്‍ സ്ഥാപിക്കുകയും ചെയ്തു.
മഴ നിരീക്ഷണത്തില്‍ കൗതുകം തോന്നി കുട്ടികളും കര്‍ഷകരും വീട്ടമ്മമാരും സ്വമേധയ മാപിനികള്‍ വാങ്ങുകയായിരുന്നു. സ്പോണ്‍സര്‍മാരും സഹായത്തിനെത്തിയതോടെ മഴമാപിനികള്‍ മലയോരങ്ങളിലെ എല്ലായിടത്തുമായി. പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാക്കിയതോടെ മീനച്ചിലാറിന്റെ ഉത്ഭവം മുതല്‍ പതനം വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ കൂടുതലായി മഴമാപിനികള്‍ വാങ്ങുകയും മഴയുടെ അളവുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. എല്ലാ ദിവസവും രാവിലെ 8.30നാണ് 24 മണിക്കൂര്‍ പിന്നിട്ട മഴയുടെ അളവ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ മഴനിരീക്ഷകര് പങ്കുവയ്ക്കുന്നത്. അതി തീവ്രമഴ പെയ്താല്‍ മൂന്നു മണിക്കൂറിനുള്ളിലെ മഴയുടെ അളവ് നല്‍കും. മഴയുടെ അളവുകള്‍ക്കൊപ്പം മീനച്ചിലാറ്റിലെ ജലനിരപ്പ് അറിയാനായി മീനച്ചിലാറ്റില്‍ വിവിധയിടങ്ങളിലായി ജനകീയ സ്കെയിലുകളും സ്ഥാപിച്ചു. ആറ്റിലെ വെള്ളത്തിന്റെ അളവ് പൊതുജനങ്ങല്‍ക്ക് മുന്‍കരുതലായി മനസിലാക്കുന്നതിനായണ് സ്കെയിലുകൾ സ്ഥാപിച്ചത്. ഇത്തവണ വേനല്‍ കടുത്തപ്പോള്‍ പ്രവര്‍ത്തകര്‍ താപമാപിനുകളും സ്ഥാപിച്ച് ചൂടിന്റെ അളവെടുക്കാനും തുടങ്ങി.
മഴമുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ജില്ല ദുരന്ത നിവാരണ അഥോറിട്ടി ഐഎജി ഗ്രൂപ്പംഗമായും മീനച്ചില്‍ നദീസംരക്ഷണ സമിതിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഊഹാപോഹ കണക്കുകളെയും ആശങ്കജനകാമായ വ്യാജ വാര്‍ത്തകളെയും ആശ്രയിക്കാതെ കൃത്യമായ നിഗമനങ്ങളില്‍ അധികാരികള്‍ക്കും പൊതുജനങ്ങള്‍ക്കും എത്തിച്ചേരാനും പ്രതിരോധപ്രവര്ത്തനങ്ങളെടുക്കാനും മഴ -പുഴ നിരീക്ഷണം സാധ്യമാകുന്നതായി മീനച്ചില്‍ മഴ നിരീക്ഷ ശൃഖല പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എബി പൂണ്ടിക്കുളം പറഞ്ഞു. മീനച്ചില്‍ മഴ നിരീക്ഷ ശൃഖലയുടെ മഴ-പുഴ നിരീക്ഷണത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം ഫോണ്‍:9400213141.