പടനിലത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ
1436413
Monday, July 15, 2024 10:26 PM IST
ചെറുവള്ളി: പടനിലത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിർമാണം അനിശ്ചിതമായി നീളുന്നതായി പരാതി. കെട്ടിടം നിർമിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളാണ് കെട്ടിടനിർമാണത്തിനുള്ള തടസം. പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലം ഇപ്പോൾ കാടുകയറിയ നിലയിലാണ്.
ചെറുവള്ളിയിൽ ഒരു പ്രാഥമികാരോഗ്യം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഈ പ്രദേശത്തെ ആളുകൾക്കു രോഗം വന്നാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയോ ഇടയരിക്കപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെന്ററോ ആണ് ആശ്രയം. ഇവിടെ എത്തണമെങ്കിൽ രണ്ടുമൂന്നു ബസുകൾ കയറിയിറങ്ങി കിലോമീറ്ററുകൾ സഞ്ചരിക്കണം. തദ്ദേശവാസികളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് പുതിയ കെട്ടിടം നിർമിക്കുവാൻ തീരുമാനമായത്.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം-മണിമല റോഡിലെ പടനിലത്താണ് ചെറുവള്ളി പ്രാഥമികാരോഗ്യകേന്ദ്രം നിർമിക്കുന്നത്. ഈ സ്ഥലത്തെ ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ ചിറക്കടവ് പഞ്ചായത്ത് ലേലം ചെയ്തു കൊടുക്കുകയും പഴയ കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്തിട്ട് അഞ്ചു വർഷമായി.
ഇവിടെ പുതിയ കെട്ടിടം നിർമിക്കുന്നതിനു ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ 2018ലെ ആസ്തി വികസന ഫണ്ടിൽനിന്നു 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. നാലുവർഷംമുമ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗം പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ടെൻഡർ ചെയ്യുകയും കരാറുകാരൻ ജോലി ഏറ്റെടുക്കുകയും ചെയ്തതാണ്. കെട്ടിടം നിർമിക്കേണ്ട സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാത്തതിനാൽ നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല.
ചിറക്കടവ് പഞ്ചായത്ത് ഈ സ്ഥലത്തെ മണ്ണ് ലേലം ചെയ്തു കൊടുത്തെങ്കിലും കരാറുകാരൻ നഷ്ടമാണെന്നു പറഞ്ഞ് കരാറിൽനിന്നു പിന്മാറി. ഇനി മണ്ണ് നീക്കം ചെയ്തു കൊടുക്കേണ്ടതു ചിറക്കടവ് പഞ്ചായത്താണ്.
വർഷങ്ങൾക്കുമുമ്പ് അനുവദിച്ച ഫണ്ട് ചെലവഴിക്കാത്തതു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മണ്ണ് മാറ്റി കെട്ടിടനിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ അനുവദിച്ച തുക പിൻവലിക്കേണ്ടിവരുമെന്നാണ് എംഎൽഎ പറയുന്നത്. ചെറുവള്ളിയിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ പ്രാഥമികാരോഗ്യകേന്ദ്രം നിർമിക്കാള്ള സ്ഥലത്തെ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നും പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കേരള കോൺഗ്രസ്-എം ചെറുവള്ളി മേഖലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി. യോഗത്തിൽ ജയിംസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു.