അക്കാഡമിക് വെൽനസ് പ്രോഗ്രം സംസ്ഥാനതല ഉദ്ഘാടനം നാളെ കാഞ്ഞിരപ്പള്ളിയിൽ
1436415
Monday, July 15, 2024 10:26 PM IST
കാഞ്ഞിരപ്പള്ളി: അക്കാഡമിക് വെൽനസ് പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം നാളെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളിൽ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിക്കും. രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറന്പിൽ, ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, ജനറൽ കോ-ഓർഡിനേറ്റർ പി.എം. വർക്കി, ഡയറക്ടർ ഡോ. പി.എം. ചാക്കോ, പ്രിൻസിപ്പൽ മേഴ്സി ജോൺ, പിആർഒ ജയിംസ് കുഴിക്കാട്ട് എന്നിവർ പ്രസംഗിക്കും.
വ്യക്തി, കുടുംബ, സമൂഹത്തിൽ മൂല്യബോധമുള്ളവരും ലക്ഷ്യബോധവും അനുസരണവും ആദരവുമുള്ള ന്യൂജെൻ സൃഷ്ടിക്കായി നടത്തപ്പെടുന്ന പ്രോഗ്രാമാണ് അക്കാഡമിക് വെൽനസ് പ്രോഗ്രം. മൈൻഡ് കെയർ ആൻഡ് ക്യുവർ എന്ന സംഘടനയുടെ കീഴിൽ സ്കൂൾ, കോളജുകളിൽ പഠിക്കുന്ന കുട്ടികൾക്കായി മോട്ടിവേഷണൽ, ബോധവത്കരണ ക്ലാസുകൾ, ഗെയിമുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ എന്നിവയിലൂടെ മനസ് തുറക്കാൻ അവസരം നൽകുകയും കുട്ടികളെ വ്യക്തിപരമായി കേട്ട് കൃത്യവും ശാസ്ത്രീയവുമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ യൂണിവേഴ്സിറ്റികളിൽനിന്ന് കൗൺസലിംഗ് ആൻഡ് സൈക്കോ തെറാപ്പി കോഴ്സ് പാസായവരും വിവിധ മേഖലകളിൽനിന്ന് റിട്ടയർ ചെയ്തവരും അല്ലാത്തവരുമായ പ്രഗത്ഭരായ സീനിയർ സിറ്റിസൺസിന്റെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്തുവാൻ ലക്ഷ്യം വച്ചുകൊണ്ടുള്ള ചുവടുവയ്പാണ് വെൽനസ് പ്രോഗ്രാം.
വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ, ത്രിതല പഞ്ചായത്തുകൾ തുടങ്ങി ആവശ്യപ്പെടുന്ന ഇടങ്ങളിൽ വെൽനസ് പ്രോഗ്രം നടത്തിക്കൊടുക്കുമെന്ന് ഡയറക്ടർ ഡോ. പി.എം. ചാക്കോ, പിആർഒ ജയിംസ് കുഴിക്കാട്ട്, കണ്വീനര് ജോയി മടുക്കക്കുഴി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫോൺ: 9074034419, 9447054125.