മൂന്നുദിവസമായി തെങ്ങില്‍ കുടുങ്ങിയ പൂച്ചയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
1436657
Wednesday, July 17, 2024 2:16 AM IST
കടുത്തുരുത്തി: മൂന്നുദിവസമായി തെങ്ങില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുളക്കുളം അച്ചന്പ്പടിയില് നാല്പതുപറ ഷാജിയുടെ മുറ്റത്തെ തെങ്ങിലാണ് മൂന്ന് ദിവസമായി ഗര്‍ഭിണിയായ പൂച്ച കുടുങ്ങിയത്. കണ്ടന്‍പൂച്ചയുടെ അക്രമം ഭയന്ന് തെങ്ങില്‍ ഓടിക്കയറിയ പൂച്ചയ്ക്ക് ഉയരം കൂടിയ തെങ്ങായതിനാല് പിന്നീട് താഴെയിറങ്ങുവാന്‍ പറ്റാതെയാവുകയായിരുന്നു. വീടിനോട് ചേര്‍ന്നു നില്ക്കുന്ന തെങ്ങിലാണ് പൂച്ച ഓടിക്കയറിയത്.
പിറവത്തെ ഫയര്‍ഫോഴ്സിന്റെ സഹായം തേടിയപ്പോള്‍ മൂന്നോടെ എത്താമെന്ന് അറിയിച്ചിരുന്നു. കടുത്തുരുത്തിയിലെ ഫയര്‍ ഓഫീസില്‍ വിളിച്ചപ്പോള്‍ പൂച്ചയെ എടുക്കുവാന്‍ ഞങ്ങള്ക്കാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നു പറയുന്നു. ഇതിനിടെ പൂച്ചയെ താഴെയിറക്കുവാന്‍ മൃഗസ്നേഹികളായ ടി.എം. സദനും അനീഷും ഷാജിയും ചേര്‍ന്നു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
മൂന്നു ദിവസം പെയ്ത മഴ മുഴുവന്‍ നനഞ്ഞു ഭക്ഷണം കഴിക്കാതെ അവശയായ പൂച്ച സഹായത്തിനായി നിര്‍ത്താതെ നിലവിളിക്കുകയായിരുന്നു. മൂന്നിനെത്തുമെന്ന് അറിയിച്ച ഫയര്‍ഫോഴ്സ് ആറായിട്ടും എത്താതായപ്പോള്‍ സദന്, സുഹൃത്ത് രാജീവ് (ജോസ്) തുരുത്തിപ്പിള്ളിയെ വിളിച്ചുവരുത്തുകയായിരുന്നു. യന്ത്രത്തില്‍ മുകളില്‍ കയറിയ ഇദ്ദേഹം വളരെ പണിപ്പെട്ട് പൂച്ചയെ കൊട്ടയില്‍ കയറ്റി സുരക്ഷിതമായി താഴെയിറക്കി.