പക്ഷിപ്പനി: കോഴികൾ ചത്ത കർഷകർ ലക്ഷങ്ങളുടെ കടബാധ്യതയിൽ
1436885
Thursday, July 18, 2024 2:15 AM IST
വെച്ചൂർ: പക്ഷിപ്പനിയെത്തുടർന്ന് കോഴിഫാമുകൾ കാലിയായതോടെ ജീവിതം വഴിമുട്ടി കർഷകർ. ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ഭാരപ്പെട്ട പണികൾ എടുക്കാനാവാത്തതു മൂലം കോഴിവളർത്തലിലേർപ്പെട്ട വേരുവള്ളി വയലിൽ വീണാഭവനിൽ രഘുനാഥൻ കോഴികൾ പൂർണമായി ചത്തതോടെ ലക്ഷങ്ങളുടെ കടബാധ്യതയിലായി.
ബാങ്കുവായ്പയെടുത്തുണ്ടാക്കിയ കൂട്ടിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തി ഉടമയ്ക്കു നൽകുമ്പോൾ ലഭിക്കുന്ന തുക കൊണ്ടാണ് രഘുനാഥനും കുടുംബവും ജീവിക്കുന്നത്. 2014 മുതൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തി നൽകുന്ന ഫാമിൽ ആദ്യമായാണ് പക്ഷിപ്പനി ഉണ്ടാകുന്നത്. 2000 കോഴിക്കുഞ്ഞുങ്ങളാണ് ഫാമിലുണ്ടായിരുന്നത്.
കഴിഞ്ഞ 22നാണ് കോഴികൾ ചത്തുതുടങ്ങിയത്. ഒടുവിൽ ശേഷിച്ച 236 കോഴികളെ ഇന്നലെ കള്ളിംഗിനു വിധേയമാക്കി സംസ്കരിച്ചു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. അഞ്ച് ലക്ഷം രൂപ ബാങ്ക് വായ്പ എടുത്താണ് രഘുനാഥൻ കോഴിവളർത്തൽ ആരംഭിച്ചത്. ഇനി എട്ടു മാസത്തോളം പക്ഷികളെ വളർത്താനും കഴിയില്ലെന്ന് അധികൃതർ അറിയിച്ചതിനാൽ കടം വീട്ടാനും കുടുംബം പുലർത്താനും മാർഗം കാണാനാവാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.
ബണ്ട് റോഡ് ജംഗ്ഷന് വടക്കുഭാഗത്ത് അംബികാമാർക്കറ്റ് സ്വദേശിയായ സജീവ് നടത്തിയിരുന്ന കോഴി ഫാമിലെ 20 ദിവസം പ്രായമായ 1500 കോഴിക്കുഞ്ഞുങ്ങളെയാണ് ഇന്നലെ കള്ളിംഗിന് വിധേയമാക്കി സംസ്കരിച്ചത്. സമീപത്തെ നാരായണന്റെ 160 താറാവുകൾ, തങ്കച്ചന്റെ 25 താറാവുകളും 20 കോഴികളുമുൾപ്പെടെ നിരവധി വീടുകളിൽ ചെറുകൂടുകളിൽ വളർത്തിയിരുന്ന പക്ഷികളെയും പിടികൂടി കള്ളിംഗ് നടത്തി സംസ്കരിച്ചു.