ഷെരീഫ്, ഉമ്മന്‍ ചാണ്ടിയെന്ന് എഴുതി; മുഖചിത്രമായി
1436893
Thursday, July 18, 2024 2:15 AM IST
ചങ്ങനാശേരി: മൂപ്പരുവീട്ടില്‍ എം.എച്ച്. ഷെരീഫ് ഉമ്മന്‍ ചാണ്ടി എന്ന് കൂട്ടിയെഴുതിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രമായി. ഇത് ഷെരീഫിന്റെ ശൈലിയാണ്. ആരെ വരയ്ക്കണമെന്നു തോന്നിയാലും ഷെരീഫ് അവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയാണ് പതിവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക സ്മരണയായാണ് അദ്ദേഹത്തിന്റെ സ്നേഹിതന് കൂടിയായ ഷെരീഫ് ഈ ചിത്രം വരച്ചത്.
ശ്രീ എന്ന അക്ഷരത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വിതറിക്കിടക്കുന്ന മുടിയും ഉമ്മന്‍ എന്ന മൂന്ന് അക്ഷരങ്ങളില്‍ രണ്ട് കണ്ണും ഒരു ചെവിയും ചാണ്ടി എന്ന രണ്ട് അക്ഷരങ്ങളില്‍ മൂക്കും ചുണ്ടുകളും വരച്ചാണ് കാരിക്കേച്ചര്‍ തയാറാക്കിയിരിക്കുന്നത്.
അക്ഷരങ്ങള്‍കൊണ്ട് ചിത്രം വരയ്ക്കല്‍ ഷെരീഫിന്റെ സിദ്ധിയാണ്. യേശുവെന്ന രണ്ടക്ഷരത്തില്‍ യേശുവിന്റെ ചിത്രം ഷെരീഫ് വരച്ചെടുത്തിട്ടുണ്ട്. മഹാത്മഗാന്ധി, മദര്‍ തെരേസാ, ശ്രീനാരായണഗുരു, എ.പി.ജെ. അബ്ദുള്‍ കലാം, കെ. കരുണാകരന്, എ.കെ. ആന്റണി, വൈക്കം മുഹമ്മദ് ബഷീര്‍, കെ.എം. മാണി, ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങി നിരവധി മഹാരഥന്മാരുടെ പേരുകള്‍ ചേര്‍ത്ത് ഷെരീഫ് എന്ന ചിത്രകാരന് വിസ്മയ ചിത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ പെയിന്ററായി ജോലി ചെയ്തു വിരമിച്ചയാളാണ് ഷെരീഫ്.