കനത്ത മഴ തുടരുന്നു, കെടുതികളും...
1436902
Thursday, July 18, 2024 2:16 AM IST
കോട്ടയം: കോട്ടയത്തും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയും ദുരിതവും വര്‍ധിച്ചു. പടിഞ്ഞാറന്‍ മേഖലയില്‍ കുമരകം, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, ആമ്പക്കുഴി, അയ്മനം പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.
താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. വിജയപുരം പഞ്ചായത്തിലെ ആനത്താനത്ത് വീട്ടിലേക്കും പ്രാര്ഥനാലയത്തിലേക്കും ശക്തമായ മണ്ണിടിച്ചിലുണ്ടായി. മൂലേടം-കുറ്റിക്കാട്-ആശാന് റോഡില്‍ വലിയ കല്‍ക്കെട്ട് ഇടിഞ്ഞു നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. ശക്തമായ മഴ തുടരുന്നതിനാൽ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു.
വിജയപുരം പഞ്ചായത്തില്‍ താമരശേരിയില്‍ ആനത്താനത്ത് കോതകേരില്‍ അന്നമ്മ മാത്യുവിന്റെയും ചര്‍ച്ച് ഓഫ് ഗോഡ് ആനത്താനം സെന്ററിന്റെയും പിന്നില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വീടിനും പ്രാര്‍ഥനാലയത്തിനും കേടുപാടുകള്‍ ഉണ്ടായി. 30 അടി ഉയരത്തില്‍ നിന്നാണ് മണ്ണിടിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
വീടിന്റെയും ചര്‍ച്ച് ഓഫ് ഗോഡ് ഹാളിന്റെയും പിന്ഭാഗത്തക്കോണ് 30അടി ഉയരത്തില്‍നിന്നു ഭീമന് കല്ലും ഒപ്പം മണ്‍തിട്ടയും കൂടി ഇടിഞ്ഞു വീണത്. കോതകേരില്‍ അന്നമ്മ മാത്യുവിന്റെ വീടിനു പിന്നിലേക്കാണ് മണ്ണും, കല്ലും വന്നു വീണത്. വന്‍ ശബ്ദത്തോടെയാണ് മൺതിട്ട ഇടിഞ്ഞ് വീണതെന്നും ഇവര്‍ പറയുന്നു. ഈ സമയം മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്ത് ആരും ഇല്ലാതിരുന്നതാണ് ദുരന്തങ്ങള്‍ ഒഴിവാകാന്‍ കാരണമായതെന്നും വീട്ടുകാര്‍ പറഞ്ഞു. മണ്‍തിട്ടയില്‍നിന്നു വീണ കല്ല് ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാലയത്തിന്റെ ഹാളിന്റെ ഭിത്തിയിൽ വന്നിടിച്ച് ഒരു ഭാഗം തകര്‍ന്ന് വലിയ ദ്വാരം രൂപപ്പെട്ടു.
അപകടവിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം ബിനു മറ്റത്തില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമന്‍കുട്ടി, വൈസ് പ്രസിഡന്റ് രജനി സന്തോഷ്, തഹസീല്‍ദാര്‍ സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അനീഷ് കുമാര്‍, വില്ലേജ് ഓഫീസര്‍ പ്രമോദ്, ഫീല്‍ഡ് ഓഫീസര്‍ മഹേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്കി. വീണ്ടും മണ്ണിടിച്ചില്‍ സാധ്യത നിലനില്ക്കുന്നതില് പ്രദേശവാസികളും വീട്ടുകാരും ആശങ്കയിലാണ്.
മൂലേടം കുറ്റിക്കാട് ആശാന് റോഡില്‍ നാട്ടകം ഗസ്റ്റ് ഹൗസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കല്‍ക്കെട്ട് ഇടിഞ്ഞു. നിരവധി വീടുകള്‍ ഇവിടെ അപകട ഭീഷണിയിലാണ്. കല്ക്കെട്ടിനോടു ചേര്‍ന്നുള്ള തുണ്ടിയില്‍ കരോട്ടുവീട്ടില്‍ ജാനകിയും കുടുംബവും ഭീതിയോടെയാണ് കഴിയുന്നത്.
ഏതു നിമിഷവും കല്‍ക്കെട്ടും മരങ്ങളും വീട്ടിലേക്ക് വീഴാവുന്ന രീതിയിലാണ്. കല്‍ക്കെട്ടിനു തൊട്ടു താഴെയുള്ള അനിയന്റെ വീടും ഭീഷണിയിലാണ്. കല്‍ക്കെട്ട് ഇടിഞ്ഞാല്‍ കല്ലും മരവും മണ്ണും അനിയന്റെ വീട്ടിലേക്കാണ് വീഴുന്നത്. സ്ഥലമുടമയോടു പ്രദേശവാസികള്‍ കല്‍ക്കെട്ട് പുതുക്കിപ്പണിയണമെന്നും മരങ്ങള്‍ വെട്ടിമാറ്റണമെന്നും അപകടഭീഷണി ഒഴിവാക്കണമെന്നും പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
ശക്തമായ വെള്ളക്കെട്ടുള്ള ഇവിടെ ഏതാനും നാള് മുമ്പ് സ്ഥലമുടമ ജെസിബി ഉപയോഗിച്ച് മണ്ണിളക്കിയിരുന്നു. മഴ ശക്തമായതോടെ വെള്ളം നിന്ന് കല്‍ക്കെട്ട് ഇടിയുകയായിരുന്നു. ശക്തമായ മഴ തുടരുന്ന സഹചര്യത്തില്‍ കല്‍ക്കെട്ടിനു സമീപമുള്ള വീട്ടുകാര്‍ രാത്രിയില്‍ ഉറങ്ങാതെ ഭീതിയോടെ കഴിയുകയാണ്.