സ്പെഷല്‍ ഒളിമ്പിക്സ് ഫുട്ബോള്‍ ഗോതിയ കപ്പ് ഇന്ത്യക്ക്
1438263
Monday, July 22, 2024 10:58 PM IST
കോട്ടയം: സ്വീഡനില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സ് ഫുട്ബോള്‍ ഗോതിയ കപ്പ് കിരീടം ഇന്ത്യക്ക്. 74 രാജ്യങ്ങളില്‍നിന്നുള്ള ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഫൈനലില്‍ ഡെന്മാര്ക്കിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം കൈവരിച്ചത്. രാജ്യത്തെ പ്രതിനിധീകരിച്ച 10 താരങ്ങളില്‍ മൂന്നു പേര് സംസ്ഥാനത്തുനിന്നുള്ളവരാണ്.
ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സേവാഗ്രാം സ്പെഷല്‍ സ്കൂളിലെ ആരോമല്‍ ജോസഫ്, ആയാംകുടി ആശാനികേതനിലെ അബി ജോസ്, പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസിലെ മുഹമ്മദ് ഷഹീര്‍ എന്നിവരാണ് രാജ്യത്തിനുവേണ്ടി സംസ്ഥാനത്തുനിന്നും ടീമിലെത്തിയത്. ഇന്നലെ രാത്രി നെടുമ്പാശേരിയിലെത്തിയ ടീമംഗങ്ങളെ സ്പെഷല്‍ സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചു.
കുറുപ്പുന്തറ ചക്കുംകുഴിയില്‍ ലാലു ജോസഫ്-മായാ ദമ്പതികളുടെ മകനാണ് ആരോമല്‍ ജോസഫ്. ആയാംകുടി നമ്പിയാകുളം നാലുമഠത്തില് ജോസ് ദേവസ്യ-ടാനി ദമ്പതികളുടെ മകനാണ് അബി ജോസ്. പരപ്പനങ്ങാടി സദാം ബീച്ച് ആജ്യരഹത്തില് മുഹമ്മദ് ബഷീര്‍-മുംതാസ് ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹീര്‍. മധ്യപ്രദേശിലെ ഗ്വാളിയറില്‍ നടന്ന ചാമ്പ്യന്ഷിപ്പുമുതല് തുടര്‍ച്ചയായി നടന്ന മൂന്നു ക്യാമ്പുകളിലും കുട്ടികള്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്കി ഗോതിയ കപ്പിലേക്കു നയിച്ചത് സേവാഗ്രാം സ്പെഷല്‍ സ്കൂളിലെ കായികാധ്യാപകന് അലന് സി. വര്‍ഗീസാണ്.
ഗോതിയ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലും കേരളം കരസ്ഥമാക്കി. രാജ്യത്തുടനീളമുള്ള പ്രതിഭാധനരായ യുവതാരങ്ങള്‍ അടങ്ങുന്ന ടീം ടൂര്‍ണമെന്റിലുടനീളം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചതായി സേവാഗ്രാം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ക്ലീറ്റസ് ടോം സിഎംഐ പറഞ്ഞു. കൊച്ചിന് വിമാനത്താവളത്തില്‍ എത്തിയ കായികതാരങ്ങളെയും പരിശീലകനെയും സ്വീകരിച്ചാനയിച്ചു.
ആരോമല്‍ ജോസഫിന് ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സേവാഗ്രാം സ്പെഷല്‍ സ്കൂളില്‍ ഇന്നു സ്വീകരണം നല്‍കും. രാവിലെ 10നു ചേരുന്ന അനുമോദനയോഗത്തില്‍ സേവാഗ്രാം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ക്ലീറ്റസ് ടോം ഇടശേരില്‍ അധ്യക്ഷതവഹിക്കും. മന്ത്രി വി.എന്‍. വാസവന് സമ്മേളനം ഉദ്ഘാടനം ചെയ്തു താരത്തെ അനുമോദിക്കും. താരങ്ങളുടെ കുടുംബാംഗങ്ങള്‍, മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.