ടാപ്പിംഗ് നിലച്ചു; റബറിന് കടുത്ത ക്ഷാമം
1438525
Tuesday, July 23, 2024 10:49 PM IST
കോട്ടയം: കാലവര്‍ഷം കനത്തതോടെ റബര്‍ ഷീറ്റിന് കടുത്ത ക്ഷാമം. ഷീറ്റ് വില വരുംദിവസങ്ങളില്‍ ഉയരാനാണ് സാധ്യത. ടാപ്പിംഗ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ആഭ്യന്തര വിപണിയില്‍ രണ്ടു ലക്ഷം ടണ്‍ ഷീറ്റിന്റെ കുറവുള്ള സാഹചര്യത്തില്‍ ഷീറ്റ് ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് റബര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നു.
എന്നാല്‍ ലാറ്റക്സിന് ഷീറ്റിനെക്കാള്‍ 30 രൂപ ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തില്‍ ഷീറ്റ് തയാറാക്കാന്‍ ഏറെ കര്‍ഷകരും താത്പര്യപ്പെടുന്നില്ല. ഷീറ്റ് തയാറാക്കാന്‍ തൊഴിലാളികള്‍ക്കും താത്പര്യമില്ല.
പുകപ്പുരകളില്‍ റബര്‍ഷീറ്റ് ഉണക്കുകൂലി കിലോയ്ക്ക് ഏഴു രൂപയാണ്. നിലവില്‍ ആര്‍എസ്എസ് നാല് ഗ്രേഡിന് 213 രൂപയാണ് നിരക്ക്. ചില വ്യാപാരികള്‍ അഞ്ചു രൂപ ഉയര്‍ത്തി ഷീറ്റ് വാങ്ങുന്നുണ്ട്. ലാറ്റക്സ് വില 235 രൂപയായതോടെ ഏറെ കര്‍ഷകരും ഷീറ്റ് ഉത്പാദനത്തില്‍നിന്ന് പിന്മാറി.
വിദേശത്ത് ഈ മാസം റബര്‍ വില എട്ടു രൂപ കൂടിയതിനാല്‍ തീരുവ അടച്ച് വ്യവസായികള്‍ക്ക് ഇറക്കുതി നഷ്ടമാണ്. അതേസമയം ആഭ്യന്തരവിപണിയില്‍ ഷീറ്റ് കിട്ടാനുമില്ല. നിലവിലെ മാര്‍ക്കറ്റ് ഡിമാന്‍ഡനുസരിച്ച് ആഭ്യന്തരവില 230 രൂപയിലേക്ക് ഷീറ്റ് വില ഉയരേണ്ടതാണ്. വില ഉയര്‍ത്തി പ്രസിദ്ധീകരിക്കാത്തതില്‍ റബര്‍ ബോര്‍ഡിന്റെ വ്യവസായ താത്പര്യമുള്ളതായി കര്‍ഷകര്‍ പറയുന്നു.
ടാപ്പിംഗ് തൊഴിലാളിക്ഷാമം പരിഹരിക്കാനും ബോര്‍ഡിന് നടപടിയില്ല. നിലവില്‍ 20 ശതമാനം തോട്ടങ്ങളില്‍ മാത്രമേ മഴമറ വച്ചിട്ടുള്ളൂ. മഴമറ വയ്ക്കാനുള്ള ചെലവ് പൂര്‍ണമായി ഏറ്റെടുക്കാന്‍ റബര്‍ ബോര്‍ഡ് തയാറായാല്‍ ചെറുകിട കര്‍ഷകരില്‍ ഏറെപ്പേരും ടാപ്പിംഗിന് തയാറാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ ടാപ്പേഴ്സ് ബാങ്കിന് രൂപം നല്‍കുകയും പല തോട്ടങ്ങളിലായി മുടക്കമില്ലാതെ ജോലി ഉറപ്പാക്കുകയും ചെയ്യുകയാണ് പരിഹാരം. നിലവില്‍ വര്‍ഷത്തില്‍ 85 ദിവസം മാത്രമാണ് ടാപ്പിംഗ് ജോലി ലഭിക്കുന്നത്. തൊഴിലാളി ക്ഷാമത്തിന് പ്രധാന കാരണവും ഇതുതന്നെ.