പ്രതിപക്ഷ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് ഭരണകക്ഷിയംഗങ്ങള്‍
1546629
Wednesday, April 30, 2025 2:49 AM IST
പാലാ: ഭരണപക്ഷത്തിനെതിരേ പാലാ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടത്തിയ ആരോപണങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള സ്പോണ്‍സേര്‍ഡ് പരിപാടിയെന്ന് കേരളാ കോണ്‍ഗ്രസ്-എം പാര്‍ലമെന്റി പാര്‍ട്ടി ലീഡറും മുന്‍ ചെയര്‍മാനുമായ ആന്റോ ജോസ് പടിഞ്ഞാറെക്കരയും സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും മുന്‍ ചെയര്‍പേഴ്സണുമായ ജോസിന് ബിനോയും പറഞ്ഞു.
ധനകാര്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടുപോലും പാലായുടെ വികസനത്തെ സംബന്ധിച്ച് ഒരു നിര്‍ദേശം പോലും ഇതേ വരെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നല്‍കാതെയും മനഃപൂര്‍വ്വം കമ്മിറ്റിയില്‍ ഹാജരാകാതെയും മാറി നിന്നിട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല.
ശുചിത്വത്തില്‍ പാലാ നഗരസഭ മറ്റ് നഗരസഭകള അപേക്ഷിച്ച് വളരെ മുന്‍പന്തിയിലാണ്. ആവശ്യത്തിലധികം ശുചി മുറികള്‍ പാലാ നഗരസഭയിലുണ്ട്.
പാലാ നഗരസഭയില്‍ ചെയര്മാന് സ്ഥാനങ്ങള്‍ മാറുന്നത് ഭരണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ഭരണനിര്‍വഹണ ചിലവ് വർധിക്കുന്നതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയി ലൂടെയാണ് കടന്നു പോകുന്നത്. എങ്കിലും ഈ കൗണ്‍സില്‍ കാലത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും തുടക്കമിടാനും സാധിച്ചു. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പാലാ ജനറല്‍ അശ്രുപത്രി രോഗീസൗഹൃദ ആശുപത്രിയാക്കി മാറ്റുന്നതിനായി നിരവധി പദ്ധതികളാണ് പാലാ നഗരസഭ സഹകരണത്തോടെ നടപ്പാക്കിയത്.
ജോസ് കെ.മാണി എംപിയുടെയും കേരളാ സര്‍ക്കാരിന്റെയും സഹകരണത്തോടെ നിരവധി കാര്യങ്ങള്‍ പാലാ നഗരസഭയ്ക്ക് നടപ്പാക്കുവന് സാധിച്ചിട്ടുണ്ട്. സിന്തറ്റിക് സ്റ്റേഡിയത്തിന് ഏഴു കോടി രൂപ അനുവദിച്ച് പുനര്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പാലാ നഗരസഭയിലെ നിലവില്‍ ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം നിര്‍മാണം നടത്തിയെന്നും ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.