അയ്യപ്പൻകോവിൽ തടയണയ്ക്ക് ജീവൻ വയ്ക്കുന്നു
1547012
Wednesday, April 30, 2025 10:52 PM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ തോണിത്തടി തടയണ നിർമാണത്തിന് ജീവൻ വയ്ക്കുന്നു. ആലടി കുരിശുമല കുടിവെള്ള പദ്ധതിയുടെ ഭാഗമായ തടയണ നിർമാണത്തിനുള്ള തടസം നീങ്ങിയതായി വാഴൂർ സോമൻ എംഎൽഎ അറിയിച്ചു . മന്ത്രിതല ചർച്ചയിലാണ് തടസം നീക്കാനായത്. ആലടി കുരിശുമല കുടിവെള്ള പദ്ധതിക്ക് ഇതുവരെ 100 കോടി രൂപയാണ് ചെലവിട്ടത്.
പദ്ധതിക്കാവശ്യമായ ചെക്ക് ഡാമിന്റെ നിർമാണത്തിന് ഡാം സേഫ്റ്റി വിഭാഗം തടസം ഉന്നയിച്ചിരുന്നു. കട്ടപ്പന നഗരസഭ യിലും കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഇരട്ടയാർ പഞ്ചായത്തുകളിലും ശുദ്ധജലം നൽകാൻ ലക്ഷ്യമിട്ട് 1995 ൽ 15 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് പദ്ധതി തുടക്കമിട്ടത്. പെരിയാറിന്റെ തീരത്ത് തോണിത്തടിയിൽ പമ്പ് ഹൗസും ആലടി കുരിശുമലക്കു മുകളിൽ വാട്ടർ ടാങ്കും നിർമിച്ചു. 22കോടി രൂപ ചെലവിട്ടായിരുന്നു ഇത്രയും പ്രവർത്തനം നടത്തിയത്. തുടർന്ന് ഒരേ സമയം 70 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാൻറ് നിർമിച്ചു.
2017-18 ൽ മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ 46 കോടി രൂപ കിഫ്ബിയിൽനിന്നും അനുവദിച്ചു. പമ്പ് ഹൗസിനു സമീപം തോണിത്തടിയിലായിരുന്നു പെരിയാറിനു കുറുകെ തടയണ, ബൂസ്റ്റർ പമ്പ് ഹൗസുകൾ എന്നിവ. അതിനിടെ പദ്ധതിയുടെ ലിങ്ക് പ്രവർത്തനങ്ങൾക്കായി 16 കോടി രൂപ കൂടി അനുവദിച്ചു. ചെക്ക് ഡാം നിർമിക്കാൻ 3.5 കോടി രൂപയുടെ ടെൻഡറും നൽകിയിരുന്നു. വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം നിർമാണം മുടങ്ങി.
2023 ജനുവരിയിൽ ചെക്ക് ഡാം നിർമിക്കാനുള്ള കാലാവധിയും അവസാനിച്ചിരുന്നു. തടസം നീക്കാനാകാത്തതിനാൽ കരാറുകാരൻ നിർമാണം ഉപേക്ഷിക്കുകയു ചെയ്തു. ഒടുവിൽ മന്ത്രിതല യോഗം ചേർന്ന് തടസം നീക്കി അനുമതി ലഭ്യമാക്കി. തടസം നീങ്ങിയതോടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ പദ്ധതിക്ക് പുനർജീവൻ കൈവന്നിരിക്കുകയാണ്.