കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരിയുടെ അനിയന്ത്രിതമായ വ്യാപനം: വി.ഡി. സതീശന്
1547037
Thursday, May 1, 2025 12:15 AM IST
കോട്ടയം: കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിയുടെ അനിയന്ത്രിതമായ വ്യാപനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കോട്ടയത്ത് ലഹരിക്കെതിരേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സംസ്ഥാനത്തെ ഏത് കുഗ്രാമത്തില്‍ പോലും പത്തോ പതിനഞ്ചോ മിനിട്ടിനുള്ളില്‍ എത്ര അളവിലുള്ള ലഹരി വേണമെങ്കിലും ലഭ്യമാക്കുന്ന അവിശ്വസനീയമായ വിതരണശൃംഖലയുള്ള ലഹരി മാഫിയ അപകടകരമായ രീതിയിലേക്ക് വളര്‍ന്നിരിക്കുന്നു. ലഹരിക്കെതിരായ പോരാട്ടത്തില്‍ എക്സൈസ് വകുപ്പുകള്‍ ബോധവത്കരണമല്ല നടത്തേണ്ടത്. നിയമം നടപ്പാക്കലാണ് ചെയ്യേണ്ടത്.
ലഹരി വ്യാപനത്തിന്റെ അവസാനകണ്ണികളെ മാത്രം പിടിച്ച് കേസ് അവസാനിപ്പിക്കാതെ വിതരണ ശൃംഖല തന്നെ തകര്‍ക്കണം. ലഹരി മാഫിയാകള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനമെടുക്കണം. ഇക്കാര്യത്തില്‍ ഭരിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടെന്നും സതീശന് ഓര്‍മിപ്പിച്ചു.
ലഹരി വ്യാപനം ഭീകരമായ അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും കേരളത്തില്‍ വഴി തുറന്നിരിക്കുകയാണ്. നിസാരമായ കാര്യങ്ങള്‍ക്ക് പോലും അവിശ്വസനീയമായ കൊലപാതകങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ കാരണമില്ലാത്ത ക്രൂരതകളുമാണ് കേട്ടുകേള്‍വി ഇല്ലാത്ത രീതിയില്‍ ഇപ്പോള്‍ നടക്കുന്നത്. ലഹരിക്കെതിരായ പോരാട്ടത്തിന് അടിയന്തരമായി മുന്നിട്ടിറങ്ങിയില്ലെങ്കില്‍ കേരളം തകര്‍ന്നുപോകുന്ന സാഹചര്യമാണുള്ളത്.
വളരെ വിശദമായ പഠനങ്ങള്‍ നടത്തിയ ശേഷം 2022ല്‍ ഇത് സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം നാടിന്റെ ആശങ്കയായി വിഷയം അവതരിപ്പിച്ചെങ്കിലും സഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പായില്ല. പിന്നീട് ഈ വിഷയത്തിലുള്ള ഗൗരവം ഉള്‍ക്കൊണ്ട് 2025ലും പ്രതിപക്ഷം ലഹരി വ്യാപനം നിയമസഭയില്‍ കൊണ്ടുവന്നു. ലഹരിക്കടിമകളാകുന്നവരെ വിതരണക്കാരാക്കുന്ന രീതിയാണ് ലഹരി മാഫിയാക്കുള്ളത്. ഇത്തരത്തില്‍ ലഹരി വിതരണത്തില്‍ പങ്കാളികളാകുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്വര്ധനയാണുള്ളതെന്നും വി.ഡി. സതീശന് പറഞ്ഞു.