ഡോ. മേരി കളപ്പുരയ്ക്കലിന് ഇന്നു നവതി
1546651
Wednesday, April 30, 2025 2:49 AM IST
കോട്ടയം: കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഥമ അംഗവും പയ്യാവൂര്‍ മേഴ്സി ഹോസ്പിറ്റല്‍ സ്ഥാപകയുമായ സിസ്റ്റര്‍ ഡോ. മേരി കളപ്പുരയ്ക്കലിന് ഇന്ന് നവതി. മലബാറില്‍ സാന്ത്വനചികിത്സയുടെ തുടക്കക്കാരിയാണ്. 57 വര്‍ഷ സേവനത്തിനുശേഷം 86-ാം വയസില്‍ 2021ലാണ് കാരിത്താസ് ആശുപത്രിയില്‍നിന്ന് വിരമിച്ചത്.
കോട്ടയം കൂടല്ലൂര്‍ കളപ്പുരയ്ക്കല്‍ ജോസഫിന്റെയും കൊച്ചന്നായുടെയും ഏഴു മക്കളില്‍ മൂത്ത മകളാണ്. ജര്‍മനിയില്‍ മെഡിക്കല്‍ പഠനം നടത്തി തിരികെയെത്തിയ സിസ്റ്റര്‍ മേരിയെ കോട്ടയം രൂപത മുൻ അധ്യക്ഷൻ മാര്‍ തോമസ് തറയില്‍ കാരിത്താസില്‍ പ്രഥമ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിക്കുകയായിരുന്നു.
പേരൂര്‍ സൗഭാഗ്യയില്‍ ഇന്ന് നാലിന് നവതിയാഘോഷം കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് നടത്തും.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറല്‍ സിസ്റ്റര്‍ ലിസി ജോണ്‍, ഡോ. ജോജോ വി. ജോസഫ്, വിനായക് നിര്‍മല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സിസ്റ്റര്‍ ഡോ. മേരി രചിച്ച സാമീപ്യം സാന്ത്വനം എന്ന കൃതിയുടെ പ്രകാശനവും നടക്കും.