മോഷ്ടിച്ച സാധനങ്ങളുമായി പിക്കപ്പ് ലോറിയിൽ കടന്ന മോഷ്ടാക്കളെ പോലീസ് പിടികൂടി
1547042
Thursday, May 1, 2025 12:15 AM IST
മുണ്ടക്കയം ഈസ്റ്റ്: പിക്കപ്പ് ലോറിയിൽ മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളും ബൈക്കുമായി കടന്ന യുവാക്കളെ അതിസാഹസികമായി പിടികൂടി പെരുവന്താനം പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പത്തനാട് നെടുംകുന്നം സ്വദേശികളായ അനന്തു ഷാജി (22), മിഥുൻ (21), അഖിൽ (24), ജിബിൻ (23), ഷിബിൻ (18) എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. പെരുവന്താനം സ്റ്റേഷനിലെ എസ്ഐ എം.എ. ബിനോയി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനീഷ് ദാസ്, സിപിഒ ജോമോൻ എന്നിവർ വാഹനപരിശോധന നടത്തുന്നതിനിടെ പീരുമേട് ഭാഗത്തുനിന്നു വന്ന പിക്കപ്പ് നിർത്താതെ പോവുകയായിരുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മണ്ണ് ഉപയോഗിച്ച് മറച്ച നിലയിൽ കാണപ്പെട്ടു. ഇതോടെ പോലീസ് സംഘം വാഹനത്തിന് പിന്നാലെ പോയി.
ഈ സമയം ടൗണിൽ പരിശോധന നടത്തുകയായിരുന്ന മുണ്ടക്കയം പോലീസ് വാഹനം കൈ കാണിച്ചിട്ടും ഇവർ വാഹനം നിർത്താതെ അതിവേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു. പോലീസ് സംഘം പിന്നാലെ പിന്തുടർന്നു. തുടർന്ന് ഹൈവേ പോലീസിനെ വിവരമറിയിച്ചു.
ഇവർ ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഭാഗത്ത് അതുവഴി കടന്നുവന്ന ടോറസ് ലോറിക്കാരുടെ സഹായത്തോടെ ലോറി ദേശീയ പാതയ്ക്ക് കുറുകെയിട്ട് റോഡ് വിലങ്ങി. ഈ സമയം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. അഞ്ചുപേരെ പോലീസ് പിടികൂടി. ഇവർ ഓടിച്ചിരുന്ന പിക്കപ്പ് ലോറിയിൽനിന്ന് അഞ്ച് ഗ്യാസ് സിലിണ്ടറുകളും ബൈക്കും കണ്ടെടുത്തു. അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങൾ ഇടിക്കുന്ന അവസ്ഥയിലാണ് ഇവർ വാഹനം ഓടിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
അന്വേഷണത്തിൽ പീരുമേട് ഭാഗത്തുള്ള സ്വകാര്യ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറുകളാണ് ഇവർ മോഷ്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവർ മറ്റു കേസുകളിൽ ഉൾപ്പെട്ടവരാണോ എന്നും പോലീസ് തെരയുന്നുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ പീരുമേട് സ്റ്റേഷനിലേക്ക് കൈമാറി.