നൂറുമേനി ഫൊറോനാതല മത്സരം 11ന്
1547045
Thursday, May 1, 2025 12:15 AM IST
ചങ്ങനാശേരി: അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റും മാക് ടിവിയും ശാലോം ടിവിയും ചേര്‍ന്ന് ജൂബിലി വര്‍ഷത്തില്‍ സംയുക്തമായി നടത്തുന്ന കുടുംബ ദൈവവചന പഠനപദ്ധതിയായ നൂറുമേനിയുടെ സീസണ് മൂന്നിന്റെ ഫൊറോനാ തല മത്സരം 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ ഫൊറോന കേന്ദ്രങ്ങളില്‍ നടത്തും. ഫൊറോന വികാരിമാര്‍ മത്സരം ഉദ്ഘാടനം ചെയ്യും. കുടുംബ മത്സരമായ നൂറുമേനി ഫൊറോനാതല മത്സരത്തില്‍ ഒരു ഭവനത്തില്‍നിന്ന് കുറഞ്ഞത് രണ്ടുപേരും പരമാവധി മൂന്നുപേരുമാണ് ഓരോ ടീമിലും പങ്കെടുക്കേണ്ടത്.
നൂറുമേനി ഇടവകതല മത്സരത്തില്‍ കുടുംബമായി 150 മാര്‍ക്കോ അതില്‍ കൂടുതലോ ലഭിച്ചവര്‍ക്കാണ് ഫൊറോനാ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത. കൂടാതെ വ്യക്തിപരമായി 75 മാര്‍ക്കോ അതില്‍ കൂടുതലോ ലഭിച്ചവര്‍ക്ക് സ്വന്തം ഭവനത്തില്‍നിന്ന് ഒന്ന് അല്ലെങ്കില്‍ രണ്ട് പേരെ കൂട്ടി ടീമായി മത്സരിക്കാം, അവര്‍ ഇടവക മത്സരത്തില്‍ പങ്കെടുത്തിട്ടില്ലെങ്കില്പോലും. ഒരു കുടുംബത്തില്‍നിന്ന് എത്ര ടീമിന് വേണമെങ്കിലും ഫൊറോനാ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ടീമിനും ഓരോ ചോദ്യാവലിയാണ് ലഭിക്കുക. ടീമംഗങ്ങള്‍ക്ക് പരസ്പരം ആലോചിച്ച് ഉത്തരം മാര്‍ക്ക് ചെയ്യാം.
നൂറുമേനി സീസണ് III പഠന പുസ്തകത്തിലെ റോമാ മുതല്‍ വെളിപാട് വരെയുള്ള ഭാഗത്തുനിന്ന് 60 ശതമാനം, സങ്കീര്‍ത്തനം 119ല്‍ നിന്ന് 20ശതമാനം, യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍നിന്ന് 20ശതമാനം എന്ന ക്രമത്തിലാണ് ചോദ്യങ്ങള്‍. മൊത്തം 100 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.
ഒന്നിലധികം പേര്‍ക്ക് ഒരേ മാര്‍ക്ക് ലഭിച്ചാല്‍ റാങ്ക് നിര്‍ണയത്തിനായി ഉത്തരമെഴുതുന്ന രീതിയിലുള്ള 10 ചോദ്യങ്ങളും ഉണ്ടായിരിക്കും. ഫൊറോനാ മത്സരത്തില്‍ 60 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിക്കുന്ന എല്ലാ ടീമിനും അതിരൂപതയുടെ നൂറുമേനി ഫാമിലി സമ്മാനം ലഭിക്കും. കുടുംബ കൂട്ടായ്മ ബൈബിള്‍ അപ്പൊസ്തലേറ്റ് ഫൊറോന ഡയറക്ടറും ഫൊറോന സമിതിയുമാണ് മത്സരത്തിനു നേതൃത്വം നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക്: ഫോൺ: +91 99613 69380, +91 73062 08356.