വീട് നിര്‍മിക്കാനായി സൗജന്യമായി ഭൂമി വിട്ടുനല്‍കി
1546958
Wednesday, April 30, 2025 7:33 AM IST
ഞീഴൂര്‍: ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്കുന്ന ഭവനപദ്ധതിയിലേയ്ക്ക് ചെത്തുകുന്നേല്‍ സി.കെ. ബിനു സൗജന്യമായി നല്കിയ അഞ്ച് സെന്റ് ഭൂമിയുടെ രേഖകള്‍ ഗുണഭോക്താവിന് കൈമാറി.
രണ്ടു പേര്‍ക്കായി പത്ത് സെന്റ് സ്ഥലം ഒരുമ സൊസൈറ്റിയിലേക്ക് നല്‍കാമെന്നാണ് ബിനു സമ്മതപത്രം നല്‍കിയിരുന്നത്. രണ്ടു മക്കളുമായി വര്‍ഷങ്ങളായി വാടകയ്ക്കു താമസിക്കുന്ന ഉദയനാപുരം സ്വദേശിനിക്കു വീട് നിര്‍മിക്കാനാണ് സൗജന്യമായി ഭൂമി കൈമാറിയത്. ഒരുമ സൊസൈറ്റിയാണ് കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുക.
വൈക്കം നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷിന്റെയും വാര്‍ഡ് കൗണ്‍സിലറുടെയും അഭ്യര്‍ഥനപ്രകാരമാണ് ഗുണഭോക്താവിന് വീടൊരുക്കാന്‍ ഒരുമ സൊസൈറ്റി മുന്നോട്ടുവന്നത്. രേഖകള്‍ കൈമാറുന്ന ചടങ്ങില്‍ സി.കെ. ബിനു, ഭാര്യ ആശാ ബിനു, ഒരുമ പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്, പ്രവര്‍ത്തകരായ സിന്‍ജാ ഷാജി, ശ്രീമോള് നവീന്‍ എന്നിവര്‍ പങ്കെടുത്തു.