പ്രാര്‍ഥനയും പഠനവും സംവാദങ്ങളുമായി ഫിയാത്ത് മിഷന് രാജ്യാന്തര മിഷന് കോണ്‍ഗ്രസ്
1546652
Wednesday, April 30, 2025 2:49 AM IST
ചങ്ങനാശേരി: ഫിയാത്ത് മിഷന് തിരുഹൃദയ പള്ളി, ക്രിസ്ത്യുജ്യോതി കാമ്പസ്, മീഡിയ വില്ലേജ്, കാര്‍മല്‍ മൗണ്ട് ധ്യാനകേന്ദ്രം എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് (ജിജിഎം) രാജ്യാന്തര മിഷന് കോണ്‍ഗ്രസിന്റെ രണ്ടാം ദിവസം തിരുവനന്തപുരം ആര്‍ച്ച്ബിഷപ് റവ. ഡോ. തോമസ് നെറ്റോയുടെ മുഖ്യകാര്‍മികത്വത്തില്‍ ലത്തീന്‍ക്രമത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.
പുനലൂര്‍ ബിഷപ് റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഇറ്റാനഗര്‍ ബിഷപ് റവ. ഡോ. ബെന്നി വര്‍ഗീസ്, ഇറ്റാനഗര്‍ ബിഷപ് എമരിറ്റസ് റവ.ഡോ. ജോണ്‍ തോമസ്, ഇംഫാല്‍ രൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വേലിക്കകം എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്ന് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമായി മൂന്ന് മിഷന് ധ്യാനങ്ങള്‍ വിവിധ സെന്ററുകളില്‍ ആരംഭിച്ചു. ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തില്‍ നടന്ന സന്യസ്ത സംഗമത്തില്‍ ബിഷപ് ജോണ്‍ തോമസ്, അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കാലഘട്ടത്തിന്റെ ശത്രുക്കളെ തിരിച്ചറിഞ്ഞ് പരിശുദ്ധാത്മ അഭിഷേകത്തോടെ ജീവിക്കാന്‍ ബിഷപ് ജോണ്‍ തോമസ് സന്യസ്തരെ ആഹ്വാനം ചെയ്തു. തിരുഹൃദയ പാരിഷ് ഹാളില്‍ നടന്ന പ്രോലൈഫ് സംഗമത്തില്‍ ബിഷപ് ഡോ. ബെന്നി വര്‍ഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി.
മിഷന്പ്രവര്ത്തകരുടെ സംഗമം
ചങ്ങനാശേരി അതിരൂപതയില്‍നിന്ന് മിഷന് പ്രവര്‍ത്തനത്തിനായി പോയ മിഷണറിമാര്‍ക്കു വേണ്ടി നടത്തപ്പെട്ട മിഷന് സംഗമത്തിൽ ബിഷപ് ഡോ. ബെന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈകുന്നേരം തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന ദേവാലയത്തില്‍ സംഘടിപ്പിച്ച മിഷന് ഔട്ട് റീച്ച് പരിപാടിയില്‍ ബിഷപ് ഡോ.ജോണ്‍ തോമസ്, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ബിഷപ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ ദിവ്യബലിയര്‍പ്പിക്കുകയും മിഷന് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.
ദ ഫെയ്സ് ഓഫ് ദ ഫേസ്ലെസ് പ്രദര്‍ശിപ്പിച്ചു
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മിഷനില്‍ ഇന്ന് സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദ ഫെയ്സ് ഓഫ് ദ ഫേസ്ലെസ് ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ പ്രശസ്ത നിര്‍മാതാവായ ഡേവിസ് കൊച്ചാപ്പു ചര്‍ച്ച നയിച്ചു. മനുഷ്യനന്മയെക്കുറിച്ചു സംസാരിക്കുന്ന സിനിമകളെല്ലാം ക്രിസ്തീയ മൂല്യങ്ങളുള്ക്കൊള്ളുന്നവയാകയാല് ഇത്തരം ചലച്ചിത്രമേളകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഓര്‍ഗനൈസര്‍ റെജു പുലിക്കോടന് പറഞ്ഞു.