സംസ്ഥാന വരുമാനത്തിൽ നല്ല പുരോഗതി: മുഖ്യമന്ത്രി
1546653
Wednesday, April 30, 2025 2:50 AM IST
കോട്ടയം: സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിലും പ്രതിശീര്‍ഷവരുമാനത്തിലും നല്ല പുരോഗതിയാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് മഹായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാം ആഗ്രഹിക്കുന്ന ബദല്‍നയം നല്ല നിലയിലാണ് നടപ്പാക്കുന്നത്. കോവിഡിനുശേഷം സാമ്പത്തികരംഗത്ത് വലിയതോതിലുള്ള വളര്‍ച്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റബറിന് വലിയതോതില്‍ തിരിച്ചടിയേല്‍പ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. നവഉദാരവത്കരണ നയങ്ങളുടെ ഭാഗമാണിത്.
ശരിയായ താങ്ങുവില നല്കി കര്‍ഷകരെ സംരക്ഷിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വിട്ടുനില്‍ക്കുകയാണ്. അതേസമയം റബര്‍ കര്‍ഷകരെ സഹായിക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. താങ്ങുവില 180 രൂപയാക്കി നിജപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 500 കോടിരൂപ പ്രതിവര്‍ഷം ബജറ്റില്‍ നീക്കിവച്ചു.
ഇപ്പോഴത് 600 കോടി രൂപയായി. കേന്ദ്രം റബര്‍ബോര്‍ഡ് സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം നല്‍കിയത് 263 കോടി മാത്രമാണ്. രണ്ട് സര്‍ക്കാരുകളുടെയും റബര്‍ കര്‍ഷകരോടുള്ള സമീപനം ഇതില്‍നിന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എന്‍. വാസവന്, പി. പ്രസാദ്, എ.കെ. ശശീന്ദ്രന്,ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, നേതാക്കളായ ജേക്കബ് ഉമ്മന്‍, കാസിം ഇരിക്കൂര്‍, ടി.വി. വര്‍ഗീസ്, സണ്ണി തോമസ്, പ്രശാന്ത് നന്ദകുമാര്‍, പി.സി. ജോസഫ്, ബിനോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ചോദ്യവുമായി അഞ്ചാം ക്ലാസുകാരനും
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി നടക്കുന്നതിനിടയിൽ സദസിന്റെ ഇടയിൽനിന്ന് ഒരു മധുരശബ്ദം ഉയർന്നു, ഗുഡ് മോർണിംഗ് പിണറായി അങ്കിൾ- നിഷാൻ ഷെറഫ് എന്ന കൊച്ചുമിടുക്കനാണ് ചോദ്യവും നിർദേശവുമായി മുഖ്യമന്ത്രിയോട് സംവദിച്ചത്. ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന വിഷയത്തെപ്പറ്റി വിശദമായി അറിയാനായി അത് സിലബസിന്റെ ഭാഗമാക്കണമെന്നായിരുന്നു ആദ്യ ആവശ്യം. വിദേശത്ത് വിദ്യാർഥികൾ പാർട്ട്-ടൈം ജോലികളിൽ ഏർപ്പെടുന്നതുപോലെ നാട്ടിലുള്ള കോളജ് വിദ്യാർഥികൾക്കും അവസരം ലഭിക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം.
നിഷാനിന്റെ സംശയങ്ങൾക്ക് വിശദമായി മുഖ്യമന്ത്രി മറുപടി നൽകി. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ കോഡിംഗിനെപ്പറ്റി പ്രാഥമിക തലത്തിലുള്ള പാഠങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധ്യാപകർക്ക് കൈമാറാനുള്ള നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തെയും നാട്ടിലെയും പഠനരീതികളിലെ വ്യത്യാസം പാർട്ട്-ടൈം ജോലികളിൽ ഏർപ്പെടുന്നതിന് ഒരു വെല്ലുവിളിയാണ്.
തൊഴിലിനോടുള്ള സമൂഹത്തിന്റെ നിലവിലെ മനോഭാവവും മാറേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് നിഷാൻ.
മുഖ്യമന്ത്രിയുമായി സംവദിച്ചത് 21 പേർ
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു കോട്ടയത്തു നടന്ന മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള 21 പേര് സംവദിച്ചു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, അങ്കണവാടി ജീവനക്കാര്‍, വ്യവസായികള്‍, വ്യാപാരികള്‍, ടൂറിസം-സ്പോര്‍ട്സ് മേഖലയില്‍നിന്നുള്ളവരടക്കം വിവിധ നിര്‍ദേശങ്ങള്‍ ഉന്നയിച്ചു. 21 പേരും ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി നല്‍കുകയും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ലഹരിക്കെതിരേ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎസ്ഐ സഭാ ബിഷപ് ഉമ്മന്‍ ജോര്‍ജ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് ചെയര്മാന് കെ.ടി. ചാക്കോ, നാട്ടകം പോര്‍ട്ട് എംഡി ഏബ്രഹാം വര്‍ഗീസ്, ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് സെക്രട്ടറി ഡോ. പുന്നന്‍ കുര്യന്, സ്കൂള്‍ വിദ്യാര്‍ഥിയായ നിഷാന്‍ ഷെറഫ്, അങ്കണവാടി വര്‍ക്കറായ ഡി. സേതുലക്ഷ്മി, വിദ്യാര്‍ഥി പ്രതിനിധി ലിനു കെ. ജോണ്‍, ഈ നാട് യുവജനസഹകരണസംഘം പ്രസിഡന്റ് സജേഷ് ശശി, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ഇ.എസ്. ബിജു, അലക്സ് വെള്ളാപ്പള്ളി, കെ.എസ്. സന്ദീപ്, പ്രദീപ് മാളവിക, രഞ്ജിനി രാജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ മുഖാമുഖത്തില്‍ പ്രസംഗിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്കി. സംവാദം രണ്ടര മണിക്കൂര്‍ നീണ്ടു.
മുഖാമുഖത്തില്‍ പങ്കെടുത്ത പ്രമുഖരുടെ വാക്കുകള്‍:
മാധ്യമസ്ഥാപനങ്ങളുടെ പരസ്യകുടിശിക കുറയ്ക്കാന്‍ നടപടിയുണ്ടാകണം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പിആര്‍ഡി നിരക്കില്‍ നല്‍കുന്നത് മാറ്റിനല്‍കാനുള്ള നടപടി വേണം, പത്രങ്ങള്‍ അച്ചടിക്കുന്നതിനുള്ള പേപ്പറുകള്‍ വില കുറച്ചു ലഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. പത്രവായനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു.
മാധ്യമങ്ങള്‍ക്കുള്ള വലിയ പിന്തുണയ്ക്കൊപ്പം വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്താന്‍ ഇത് ഉപകരിക്കും. കോട്ടയത്ത് അക്ഷരമ്യൂസിയം സ്ഥാപിച്ചതിന് പ്രത്യേക നന്ദി അറിയിക്കുന്നതിനൊപ്പം രണ്ടാംഘട്ട വികസനത്തിന് എല്ലാ പിന്തുണയും നല്കുന്നു. ലഹരിക്കെതിരെ ദീപിക നടത്തുന്ന ജനമുന്നേറ്റമായ കിക്ക് ഔട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകണം. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ദീപികയും കിക്ക് ഔട്ടിലൂടെ പങ്കുചേരുകയാണ്.
ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്
രാഷ്ട്രദീപിക ലിമിറ്റഡ്
മാനേജിംഗ് ഡയറക്ടര്‍
കേരളത്തില്‍നിന്നു ധാരാളം ചെറുപ്പക്കാര്‍ പഠനത്തിനും ജോലിക്കുമായി വിദേശത്ത് പോകുന്ന നിലയുണ്ട്. മസ്തിഷ്കചോര്‍ച്ച ഗുരുതരമായി നടക്കുന്നു.വൈജ്ഞാനിക സമ്പദ് വ്യവസ്ഥ രൂപീകരിക്കുന്നതിനു പ്രാധാന്യം നല്‍കണം.
റവ.ഡോ. ജയിംസ് മുല്ലശേരി
കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍, മാന്നാനം
കോട്ടയത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ചാലക ശക്തിയായിരുന്ന റബര്‍ മേഖല ഇപ്പോള്‍ നിരവധി പ്രതിസന്ധികളെ നേരിടുകയാണ്. ഈ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ വെള്ളൂരില്‍ ആരംഭിച്ച റബര്‍ പാര്‍ക്കിനെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ഇടപെടല്‍ നടത്തണം.
ജോസി ഏബ്രഹാം
റബര്‍ കര്ഷകന്
കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാതൃകയില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സസായി ഉയര്‍ത്തണം. അവയവ മാറ്റ ശസ്ത്രക്രിയകള്‍, ഹൃദ്രോഗം, ഹൃദയ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ, ലാപറോസ്കോപിക് സര്‍ജറി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി എന്നീ വിഭാഗങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കണം.
ഡോ. വര്‍ഗീസ് പി. പുന്നൂസ്
പ്രിന്‍സിപ്പല്‍
മെഡിക്കല്‍ കോളജ് കോട്ടയം
വഴിയോര വ്യാപാരത്തിന്റെ നിര്‍വചനം ക്രമപ്പെടുത്തി നല്‍കണം. വഴിയോര കച്ചവടക്കാരെ വിലക്കാനല്ല, അവര്‍ക്ക് നിയമപരമായ ചട്ടക്കൂടില്‍ നിന്നു പ്രവര്‍ത്തിക്കാനുള്ള നടപടികളുണ്ടാകണം.
എം.കെ. തോമസുകുട്ടി
ജില്ലാ പ്രസിഡന്റ്
വ്യാപാരി വ്യവസായി ഏകോപനസമിതി
സ്വകാര്യസര്വകലാശാലകളായി നിലവിലുള്ള കോളജുകളെയും ട്രസ്റ്റുകളെയും പരിഗണിക്കില്ലെന്ന വ്യവസ്ഥ ആശങ്ക ഉയര്‍ത്തുന്നതാണ്. ഇതിനു പരിഹാരം വേണം
ഫാ. ജയിംസ് ജോണ്‍ മംഗലത്ത്
സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി ചൂണ്ടച്ചേരി, പാലാ