പിണറായി വിജയന് കുടുംബാഭിവൃദ്ധിക്കുവേണ്ടി പണം ഉണ്ടാക്കുകയെന്ന ഏകലക്ഷ്യമാത്രം: കെ. സുധാകരൻ
1547038
Thursday, May 1, 2025 12:15 AM IST
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് നാടിനെ നന്നാക്കണമെന്ന് ഒരാഗ്രഹവമില്ലെന്നും കുടുംബാഭിവൃദ്ധിക്കുവേണ്ടി പണം ഉണ്ടാക്കുകയെന്ന ഏകലക്ഷ്യമാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസസമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരേ പൗരപ്രതിഷേധമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നടത്തുന്ന ഉപവാസം നാടിന്റെ വികാരത്തെ നെഞ്ചിലേറ്റുന്നതാണ്. ലഹരിക്കടിപ്പെട്ട് നാടിന്റെ ഭാവി പ്രവചിക്കാനാവാത്ത അവസ്ഥയിലായി മാറി. നാടിന്റെ വിമര്‍ശനങ്ങളെ പിണറായി വിജയന് ഗൗനിക്കുന്നില്ല.
അദ്ദേഹത്തിന്റെ ഏകലക്ഷ്യം മകള്‍ക്കും മരുമക്കള്‍ക്കുമായി പണം സമ്പാദിച്ച് കൊടുക്കുക എന്നതാണ്. നാട് വളരെ വികാരപരമായി ലഹരിക്കെതിരേ ഉണരേണ്ടതുണ്ട്. ലഹരിക്കെതിരേയുള്ള സമരത്തില്‍ പുതിയ തലമുറയെ അണിനിരത്തണം. കായികരംഗത്ത് സര്‍ഗാത്മകത വളര്‍ത്തിയെടുക്കണം. അധ്യാപകരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ലഹരിക്കെതിരേ വീടുകള്‍ കയറിയിറങ്ങി ബോധവത്കരണം കൂടിയേ തീരൂ.
അനുസരണയുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണം. നല്ല ചിന്തയിലേക്ക് കുട്ടികളെയും രക്ഷിതാക്കളെയും മാറ്റിയെടുക്കണം. നമ്മുടെ കൊച്ചുമക്കള്‍ ഭാവി പൗരന്മാരാണ്. അവരെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയണം.
അതിനു ഉപകരിക്കുന്ന പൗരപ്രതിഷേധമായി ഇതു മാറിയിട്ടുണ്ട്. നാടുമാറണം മാറ്റിയെടുക്കണം ഇതായിരിക്കണം മുന്നോട്ടുള്ള ഓരോ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകേണ്ടതെന്ന് കെ. സുധാകരന് പറഞ്ഞു.