കർമഭൂമി വിട ചൊല്ലി; കണ്ണീരോടെ അനേകർ
1547030
Thursday, May 1, 2025 12:15 AM IST
ഉഴവൂർ: ദ്രോണാചാര്യ സണ്ണി തോമസിന് സെന്റ് സ്റ്റീഫൻസ് കോളജ് കണ്ണീരോടെ വിടചൊല്ലി. മൂന്ന് പതിറ്റാണ്ടിലേറെ അധ്യാപക ശുശ്രൂഷ ചെയ്ത മണ്ണിൽ അധ്യാപകരും വിദ്യാർഥികളുമടക്കം അനേകരെത്തി അന്ത്യാജ്ഞലിയർപ്പിച്ചു.
ജീവിതത്തിന്റെ നാനാതുറകളിലുള്ള അനേകർ പ്രിയപ്പെട്ട ഗുരുനാഥന് അന്ത്യയാത്രാമഴിയേകാനെത്തിയിരുന്നു. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ഒളിംപ്യൻ ഷൈനി വിത്സൺ, ദ്രോണാചാര്യ കെ.പി തോമസ്, മോൻസ് ജോസഫ് എംഎൽഎ, തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ്, പ്രേം പ്രകാശ്, ജനപ്രതിനിധികളായ തോമസ് പീറ്റർ, രാജു ജോൺ, ഡോ. സിന്ധുമോൾ ജേക്കബ്, പി.എം. മാത്യു, കെ.എം. തങ്കച്ചൻ, പൊതുപ്രവർത്തകരായ ജോസ് തൊട്ടിയിൽ, സൈമൺ ഒറ്റത്തങ്ങാടിയിൽ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
സൗപൗർണ്ണികയിൽ ഇനി സണ്ണിസാറില്ല
ഉഴവൂർ: നാട്ടിലെയും സമീപസ്ഥലങ്ങളിലെയും മുതിർന്നവരുടെ കൂട്ടായ്മയാണ് സൗപർണ്ണിക. കൂട്ടായ്മയെന്നാൽ ഒന്നും രണ്ടുമല്ല ഏകദേശം ആയിരത്തോളം പേർ വരുന്ന കൂട്ടായ്മ. ഓരോ സ്ഥലങ്ങളിലും ഇരുപതും ഇരുപത്തഞ്ചുമൊക്കെ വരുന്ന ചെറിയ ചെറിയ ക്ലസ്റ്ററുകൾ. ഇത്തരം നാല്പതോളം ക്ലസ്റ്ററുകളുടെ കൂട്ടായ്മയാണ് സൗപർണ്ണികയെന്ന മുന്നേറ്റം. പ്രഫ. സണ്ണി തോമസ് രക്ഷാധികാരിയായാണ് ഈ കൂട്ടായ്മയുടെ മുന്നേറ്റം. രക്ഷാധികാരിയെങ്കിലും ഓരോ ക്ലസ്റ്ററുകളിലൂമുള്ള യോഗങ്ങളിലേക്ക് സണ്ണിസാർ ഓടിയെത്തും. സാധാരണ അംഗമായി പ്രവർത്തിക്കുന്ന രക്ഷാധികാരി.
മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ എന്ന നിലയിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്യാൻ നേതൃത്വം നൽകിയിരുന്ന സണ്ണി സാർ ഇനി കൂട്ടായ്മകളിലേക്ക് എത്തില്ലെന്ന് വിശ്വസിക്കാൻ ആർക്കും കഴിയുന്നില്ല. കാരണം കഴിഞ്ഞ ദിവസങ്ങളിൽ വരെ സജീവമായിരുന്നു, തങ്ങൾക്കൊപ്പമായിരുന്നു സണ്ണി സാറെന്ന് മുതിർന്ന പൗരന്മാരെല്ലാം പറയുന്നു.