എരുമേലി വിമാനത്താവളം; സ്പെഷൽ ഓഫീസും റീസർവേയും ഉടനെ
1547043
Thursday, May 1, 2025 12:15 AM IST
എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് റവന്യു വകുപ്പ്. നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്പെഷല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഒപ്പം സ്പെഷൽ ഓഫീസ് തുറക്കുന്നത് പരിഗണിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കലിന്റെ നടപടികളുടെ ഭാഗമായി പദ്ധതിപ്രദേശത്തെ താമസക്കാര്‍ക്ക് ഉടനെ നോട്ടീസ് നൽകിത്തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വസ്തു റീ സര്‍വേ നടത്തി രൂപരേഖ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇതോടൊപ്പം റവന്യു വകുപ്പിൽ ആരംഭിക്കും. ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വിസ്തീര്‍ണം, വസ്തു ഉടമകളുടെ പേര്, വിലാസം എന്നിവ നിലവിൽ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരമാണ് നോട്ടീസ് നൽകുക. ഏറ്റെടുക്കുന്ന ഭൂമിയുടെ ഇനം തിരിച്ചുവേണം മൂല്യം നിശ്ചയിക്കാന്‍. മൂല്യം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രസിദ്ധീകരിക്കും. തർക്കങ്ങൾ പരിഹരിക്കാൻ ഹിയറിംഗ് നടത്തും. അതനുസരിച്ചുള്ള നഷ്ടപരിഹാരമാണ് ഭൂ ഉടമകള്‍ക്ക് നിശ്ചയിക്കുക. എസ്റ്റേറ്റിലെ തൊഴിലാളികളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉൾപ്പെടെ പ്രത്യേക പാക്കേജ് നിശ്ചയിക്കേണ്ടതുമുണ്ട്.
എരുമേലിയിൽ സ്പെഷൽ ഓഫീസ് തുറക്കുന്നത് സംബന്ധിച്ച് തീരുമാനമാകുന്നതോടെ നടപടികൾ വേഗത്തിലാകുമെന്നാണ് കരുതുന്നത്. ഓഫീസ് തുറക്കുന്നതിന് സ്ഥലം, കെട്ടിടം എന്നിവ ലഭ്യമാകണം. പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് സൗകര്യപ്രദമായിരുന്നെങ്കിലും ഹൈക്കോടതിയിലുള്ള തർക്കംമൂലം അടച്ചിട്ടിരിക്കുകയാണ്. തൊട്ട് സമീപത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ സൗകര്യം ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്.
നിർദിഷ്ട വിമാനത്താവള പദ്ധതിക്ക്
സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിക്കു പിന്നാലെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചതോടെയാണ് സ്ഥലം ഏറ്റെടുക്കൽ നടപടികള്‍ ആരംഭിക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റിന്റെ 916.2 ഹെക്ടര്‍ അടക്കം 1039.876 ഹെക്ടര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കണം. ഇതിനോടകം പാലാ സബ് കോടതിയിൽ സർക്കാരുമായുള്ള എസ്റ്റേറ്റ് സംബന്ധിച്ച ഉടമസ്ഥാവകാശ തർക്കം തീർപ്പാകുമെന്നാണ് കരുതുന്നത്.