കടുത്തുരുത്തി ബൈപാസ് റോഡ് നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
1546938
Wednesday, April 30, 2025 7:23 AM IST
9.68 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍
കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാനപാതയ്ക്ക് സമാന്തരമായി നിര്‍മിക്കുന്ന കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. കടുത്തുരുത്തി ഐടിസി ജംഗ്ഷന് താഴെനിന്ന് ആരംഭിക്കുന്ന ബൈപാസ് റോഡ് കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷന് വരെ കൂട്ടിയോജിപ്പിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടറ്റവും കൂട്ടിമുട്ടിച്ചുകൊണ്ടുള്ള റോഡ് രൂപവത്കരണം യാഥാര്‍ഥ്യമാകും. ഇപ്പോള്‍ മണ്ണ് നിറച്ചാണ് റോഡ് നിര്‍മാണം നടത്തിയിട്ടുള്ളത്. കൂടുതല്‍ ബലവത്തായി റോഡ് നിലനില്‍ക്കുന്നതിന് ഉപകരിക്കുന്ന വിധത്തില്‍ നിര്‍മാണ ജോലികള്‍ അടുത്ത ഘട്ടത്തില്‍ നടപ്പാക്കും.
ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനും തുടര്‍ന്നുള്ള അന്തിമഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുംവേണ്ടി മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള അനുബന്ധയോഗം മേയ് അഞ്ചിന് മൂന്നിനു നടക്കും. ഇതോടൊപ്പം ബൈപാസിന്റെ ടാറിംഗ് ജോലികള്‍ ഉള്‍പ്പെടെ തീരുമാനിക്കും. പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന കടുത്തുരുത്തി ബൈപാസ് റോഡ് നിര്‍മാണത്തിന്റെ അന്തിമഘട്ടമായി 9.68 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്.
കടുത്തുരുത്തി ഐടിസി ജംഗ്ഷന് മുതല്‍ ബ്ലോക്ക് ജംഗ്ഷന് വരെയുള്ള 1.5 കിലോമീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് ബൈപാസ് നിര്‍മിക്കുന്നത്. 25.50 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. 2009-ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് ബൈപാസിന്റെ ആദ്യഘട്ട നിര്‍മാണത്തിന് തുടക്കം കുറിച്ചത്.
ബൈപാസിനുവേണ്ടി ഏറ്റെടുത്ത ഭൂമി 2013 നവംബര്‍ അഞ്ചിന് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതിനെത്തുടര്‍ന്നാണ് കടുത്തുരുത്തി ടൗണ്‍ ബൈപാസ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്ളൈ ഓവര്‍ നിര്‍മാണവും ചുള്ളിത്തോടിനു കുറുകെയുള്ള പാലം നിര്‍മാണവും റോഡിന്റെ അിസ്ഥാന സൗകര്യവികസനവും നടപ്പാക്കിയിട്ടുണ്ട്. 8.60 കോടിയുടെ ഒന്നാംഘട്ടവും 7.22 കോടിയുടെ രണ്ടാംഘട്ട നിര്‍മാണവും പൂര്‍ത്തീകരിച്ചു.