കെഎൽഎം മേയ്ദിന റാലിയും മഹാസമ്മേളനവും ചങ്ങനാശേരിയില്‍
1546962
Wednesday, April 30, 2025 7:33 AM IST
ചങ്ങനാശേരി: മേയ്ദിന റാലിക്കും തൊഴിലാളി മഹാസംഗമത്തിനും ഒരുങ്ങി ചങ്ങനാശേരി അതിരൂപതയുടെ തൊഴിലാളി പ്രസ്ഥാനം കേരള ലേബര്‍ മൂവ്മെന്റ്. ഒന്നിന് ഉച്ചകഴിഞ്ഞ് 3.30ന് ചങ്ങനാശേരി അരമനപ്പടിക്കല്‍ നിന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയാ കന്യാകോണില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന മേയ്ദിന റാലി എസ്ബി കോളജിലെ ആര്‍ച്ച്ബിഷപ് കാവുകാട്ട് ഹാളില്‍ എത്തിച്ചേരും.
അതിരൂപതയുടെ വിവിധ മേഖലകളില്നിന്നെത്തിച്ചേരുന്ന ആയിരങ്ങള്‍ റാലിയില്‍ അണിചേരും. വാദ്യമേളങ്ങളും വേഷവിധാനങ്ങളും നിശ്ചലദൃശ്യങ്ങളും റാലിയെ വര്‍ണാഭമാക്കും.
നാലിന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ ചേരുന്ന തൊഴിലാളി മഹാസംഗമത്തില്‍ അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കും.ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. ലുവെല്ലാ വെഞ്ച്വേഴ്സ് എംഡി ജോയിസ് മേരി ആന്റണി മുഖ്യപ്രഭാഷണം നടത്തും.
അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം, ജനറല്‍ സെക്രട്ടറി പി.ജെ. സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറിമാരായ ഷാജി കോര, ലാലി ബോബന്, ജോമോന് ഇരുപ്പക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.
കെഎല്‍എം ലേബര്‍ അവാര്‍ഡ് ജേതാക്കള്‍, ഈ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച യൂണിറ്റുകള്‍, സംഘങ്ങള്‍ എന്നിവരെ ആദരിക്കും. ടിസണ്‍ തോമസ്, കെ.ഡി. ചാക്കോ, കെ.വി. കുര്യാക്കോസ്, ജിമ്മി അഗസ്റ്റിന്, സന്തോഷ് തോമസ്, സ്മിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.
പാര്‍ക്കിംഗ് ക്രമീകരണം
കേരള ലേബര്‍ മൂവ്മെന്റ് മേയ്ദിന റാലിയിലും തൊഴിലാളി മഹാസംഗമത്തിലും പങ്കെടുക്കാന്‍ എത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ അരമനപ്പടിക്കല്‍ ആളുകളെ ഇറക്കിയശേഷം എസ്ബി ഹൈസ്കൂള്‍ ഗ്രൗണ്ട്, എകെഎം സ്കൂള്‍ ഗ്രൗണ്ട്, എസ്ബി കോളജ് ടവര്‍ ഗ്രൗണ്ട്, കത്തീഡ്രല്‍ പള്ളി ഗ്രൗണ്ട്, ബൈപാസ് റോഡ് എന്നിവിടങ്ങളിലായി പാര്‍ക്ക് ചെയ്യണം.